ആലപ്പുഴ: വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന്റെ വേദിയില്‍ താന്‍ നേരത്തെ എത്തിയതില്‍ ഒരു രാജവംശത്തിലെ മരുമകന് സങ്കടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ആ സങ്കടത്തിന് എന്താണ് മരുന്നെന്ന് അദ്ദേഹം ഡോക്ടറെ പോയി കാണട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
''ഇന്നലെ നമ്മുടെ നാട്ടില്‍ പ്രധാനപ്പെട്ട ഒരു പദ്ധതിയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി. അതായിരുന്നു വിഴിഞ്ഞം തുറമുഖം. 91 മുതല്‍ തുടങ്ങിയതാണ് ആ പദ്ധതി. അതിനിടെ എത്രയോ സര്‍ക്കാര്‍ വന്നു, എത്രയോ സര്‍ക്കാര്‍ പോയി. പക്ഷേ, അത് സാക്ഷാത്കരിക്കാന്‍ കാരണമായത് നരേന്ദ്രമോദിയാണ്.ഇന്ത്യ മുഴുവനും ഇതൊരു പ്രധാന പദ്ധതിയായി കാണുമ്പോഴും സന്തോഷിക്കുമ്പോഴും രാജവംശത്തിലെ മരുമകന് സങ്കടമാണ്. എന്താണ് സങ്കടം. ഞാന്‍ നേരത്തെ വന്നു എന്നതാണ് സങ്കടം. എന്തുകൊണ്ട് ഞാന്‍ നേരത്തെ വന്നു. പ്രവര്‍ത്തകര്‍ നേരത്തെ വരുന്നുണ്ട്. അപ്പോള്‍ ഞാന്‍ സംസ്ഥാന പ്രസിഡന്റാണ്, അവരുടെ ഒപ്പം വരണമെന്ന് വിചാരിച്ച് ഞാന്‍ നേരത്തെ വന്നു.ഞാന്‍ അവിടെ എട്ടേമുക്കാലിന് എത്തി. മറ്റുള്ളവരെല്ലാം വിഐപി ലോഞ്ചില്‍ പോകുമ്പോള്‍ എനിക്ക് വേദിയില്‍ പോകണം, എന്റെ പ്രവര്‍ത്തകരെ കാണണം, സംസാരിക്കണം എന്നുപറഞ്ഞ് ഞാന്‍ വേദിയില്‍ കയറി.
അവിടെ ഇന്ത്യയ്ക്ക് പ്രധാനമായ പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോള്‍ പ്രവര്‍ത്തകര്‍ ഭാരത് മാതാ കീ ജയ് പറയുമ്പോള്‍ ഞാനും ഭാരത് മാതാ കീ ജയ് പറയുന്നു. ഇതെല്ലാം കാണുമ്പോള്‍ കമ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് വല്ലാത്ത സൂക്കേട്, ഒരു സങ്കടം. ആ സങ്കടത്തിന് എന്താണ് കാരണം. ഞാന്‍ ഡോക്ടറല്ല, സൈക്കോളജിസ്റ്റല്ല. അപ്പോള്‍ ആ സങ്കടത്തിന് എന്താണ് മരുന്ന്. അദ്ദേഹം ഒരു ഡോക്ടറെ പോയി കാണട്ടെ.
ഇതിനെക്കുറിച്ച് മാധ്യമങ്ങള്‍ ഇന്നലെയും ഇന്നും ചോദിച്ചു. എന്നെ ട്രോളി എന്ന് പറഞ്ഞു. എന്നെ എത്രവേണമെങ്കിലും ട്രോളിക്കോളൂ, എത്രവേണമെങ്കിലും തെറി പറഞ്ഞോളൂ, പക്ഷേ, ബിജെപി-എന്‍ഡിഎ ട്രെയിന്‍വിട്ടു. ഇനി വികസിത കേരളമാണ് ഞങ്ങളുടെ ലക്ഷ്യം. അവിടെ എത്തുന്നത് വരെ ഈ ട്രെയിന്‍ നില്‍ക്കില്ല. അതില്‍ ഇടതുപക്ഷത്തെ വോട്ടര്‍മാര്‍ക്ക് കയറണമെങ്കില്‍ കയറുക. മരുമകന് കയറണമെങ്കില്‍ കയറുക. വികസിത കേരളമാണ് ലക്ഷ്യം. അത് എത്തിയിട്ടേ ഞങ്ങള്‍ നിര്‍ത്തുകയുള്ളൂ'', രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.