തണ്ണീര്‍പ്പന്തല്‍: കോഴിക്കോട് ബീച്ച് പരിസരത്ത് റീല്‍സ് ചിത്രീകരണത്തിനിടെയുണ്ടായ വാഹനാപകടത്തില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ. തണ്ണീര്‍പ്പന്തല്‍ സ്വദേശി തച്ചിലേരി താഴക്കുനി (വേളത്ത്) സുരേഷ് ബാബുവിന്റെ ഏക മകന്‍ ആല്‍വിനാണ് (20) ചൊവ്വാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടത്. ആല്‍വിന് തന്റെ ചെറിയപ്രായത്തില്‍ വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് വൃക്ക മാറ്റിവെച്ചിരുന്നു.
ഇതിനെത്തുടര്‍ന്ന് മറ്റ് ഭാരിച്ച ജോലികള്‍ ചെയ്യുന്നതിന് പരിമിതിയുള്ളതിനാല്‍ വീഡിയോ എഡിറ്റിങ് സ്വന്തമായി പഠിക്കുകയും അത് ജീവിതമാര്‍ഗമാക്കുകയുമായിരുന്നു. വിസിറ്റിങ് വിസയില്‍ മൂന്നുമാസത്തോളം ഗള്‍ഫില്‍ ജോലിതേടിപ്പോയ ആല്‍വിന്‍, രണ്ടാഴ്ച മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്.
ചൊവ്വാഴ്ച രാവിലെ ഏഴരയ്ക്ക് കോഴിക്കോട്-പുതിയാപ്പ കടൽത്തീരറോഡിൽ വെള്ളയിൽ പോലീസ് സ്റ്റേഷന്റെ മുന്നിലുള്ള സ്പീഡ് ബ്രേക്കറിലായിരുന്നു അപകടം.തൊണ്ടയാടുള്ള ട്രിപ്പിൾ നയൻ ഓട്ടോമോട്ടീവ് എന്ന കാർ ആക്സസറീസ്-പോളിഷിങ്-ഡീറ്റെയിലിങ് സ്ഥാപനത്തിനുവേണ്ടി വീഡിയോ ചിത്രീകരിക്കുകയായിരുന്നു ആൽവിൻ. രണ്ട് ആഡംബരകാറുകൾ വേഗത്തിൽ ഓടിവരുന്നത് റോഡിന്റെ നടുവിൽനിന്ന് മൊബൈലിൽ ചിത്രീകരിക്കാനാണ് ആൽവിനെ നിയോഗിച്ചത്. കാറുകളിലൊന്നിടിച്ച് ആൽവിൻ ആകാശത്തേക്കുയർന്നാണ് റോഡിലേക്കുവീണത്. മരണം സ്ഥിരീകരിച്ചതോടെ കാറുകൾ പോലീസ് കസ്റ്റഡിയിലെടുത്തു. കാറുകൾ ഓടിച്ച സ്ഥാപനമുടമ മഞ്ചേരി സ്വദേശി സാബിത്ത് കല്ലിങ്ങലിനെയും മുഹമ്മദ് റൈസിനെയും കസ്റ്റഡിയിലെടുത്തു.