വടകര: എഴുത്തുകാരനും നിരൂപകനും അധ്യാപകനുമായ സജയ് കെ.വിക്കെതിരെ വധഭീഷണി. മണിയൂരില്‍ ജനതാ വായനശാലയുടെ ആഭിമുഖ്യത്തില്‍ നടന്ന പുസ്തകപ്രകാശനച്ചടങ്ങില്‍ പ്രസംഗിച്ചുകൊണ്ടിരിക്കേ ഇന്നത്തെ പ്രധാനമന്ത്രി രാമായണം പോലും വായിച്ചിരിക്കില്ലെന്ന പ്രസ്താവനയാണ് വധഭീഷണിക്ക് ഇടയാക്കിയത്. മണിയൂര്‍ യു.പി സ്‌കൂളിന്റെ മുറ്റത്ത് വെച്ച് കഴിഞ്ഞ ദിവസം നടന്ന ഒരു പുസ്തകപ്രകാശന ചടങ്ങില്‍ വെച്ചാണ് വധഭീഷണി ഉയര്‍ന്നത്. മണിയൂര്‍ ജനതാ വായനശാല പ്രസിദ്ധീകരിച്ച 'പി.ബി. മണിയൂരിന്റെ കൃതികള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനവേളയില്‍ നടത്തിയ പ്രസംഗമാണ് ചിലരെ പ്രകോപിപ്പിച്ചത്. പി.ബി. മണിയൂര്‍ ആ വായനശാലയുടെ ആദ്യത്തെ പ്രസിഡണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷികം തികയുന്ന വേളയില്‍ അദ്ദേഹത്തിന്റെ രചനകളുടെ ഒരു വലിയ സമാഹാരം ജനതാ വായനശാല തന്നെ പ്രസിദ്ധീകരിക്കുകയായിരുന്നു. വായനയെക്കുറിച്ചും ലൈബ്രറികളെക്കുറിച്ചും പറയുന്ന കൂട്ടത്തില്‍ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയെയും ഇപ്പോഴത്തെ പ്രധാനമന്ത്രിയെയും വായനയെ അടിസ്ഥാനമാക്കി താരതമ്യം ചെയ്തതാണ് ഭീഷണിപ്പെടുത്തിയ ആളെ പ്രകോപിപ്പിച്ചത് എന്ന് അദ്ദേഹം പറയുന്നു.
വായനയെപ്പറ്റി പറയുന്ന കൂട്ടത്തില്‍ വായനശാലകളുണ്ടെങ്കിലും പുസ്തകങ്ങള്‍ വായിക്കപ്പെടാത്തതിനെപ്പറ്റി പറയുന്ന കൂട്ടത്തില്‍ കവി രാവുണ്ണിയുടെ 'മാറ്റുദേശം മഹാത്മ വായനശാല' എന്ന കവിതയെപ്പറ്റി പറയാനിടയായി. ആ കവിതയില്‍ ഒരു ലൈബ്രേറിയനെപ്പറ്റിയാണ് പറയുന്നത്. മാറ്റുദേശം മഹാത്മ വായനശാലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെപ്പറ്റി ഈ ലൈബ്രേറിയന്റെ ആത്മഗതങ്ങള്‍ പോലെയാണ് ഈ കവിത എഴുതപ്പെട്ടിട്ടുള്ളത്. ആദ്യമൊക്കെ പുസ്തകങ്ങളില്‍ അഭിപ്രായങ്ങള്‍ കുറിക്കലുകളും ഉപയോഗിച്ചതിന്റെ, വായിച്ചതിന്റെ മുഷിച്ചിലുകളുണ്ടായിരുന്നു. ഇപ്പോള്‍ പുസ്തകങ്ങളെല്ലാം വൃത്തിയായിരിക്കുന്നു. ഒരു കുറിക്കല്‍ പോലുമില്ല, വായനയുടെ ഒരു അടയാളവും ഇല്ല, സ്വച്ഛഭാരതം എന്നു പറഞ്ഞാണ് കവിത അവസാനിക്കുന്നത്. ഈ കവിതയെപ്പറ്റി പറഞ്ഞതിനുശേഷം ഇതുകൂടി കൂട്ടിച്ചേര്‍ത്തു: ''ഇന്ത്യന്‍ പ്രധാനമന്ത്രിയായ ജവാഹര്‍ ലാല്‍ നെഹ്‌റു ഒരു വലിയ വായനക്കാരന്‍ കൂടിയായിരുന്നു. അദ്ദേഹം മരിക്കുന്നതിന്റെ തലേദിവസം കൂടി റോബര്‍ട്ട് ഫ്രോസ്റ്റിന്റെ 'സ്‌റ്റോപ്പിങ് ബൈ വുഡ്‌സ് ഓണ്‍ എ സ്‌നോയി ഈവ്‌നിങ്' എന്ന കവിതയിലെ 'വുഡ്‌സ് ആര്‍ ലവ്‌ലി ഡാര്‍ക് ആന്‍ഡ് ഡീപ്' എന്നു തുടങ്ങുന്ന നാലുവരി കുറിച്ചിട്ടാണ് ഉറങ്ങാന്‍ പോയത്. ഇന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി അത്തരത്തില്‍ ഒരു വായനക്കാരനാണ് എന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹം രാമായണം പോലും തികച്ചു വായിച്ചിരിക്കാനിടയില്ല. കുട്ടികൃഷ്ണ മാരാരുടെ 'വാത്മീകിയുടെ രാമന്‍ ' എന്ന ലേഖനം വായിച്ച ഒരാളും രാമനുവേണ്ടി ക്ഷേത്രം പണിയില്ല, രാമനെ ആരാധിക്കില്ല. അതാണ് വായനയുടെ ഗുണം.'' ഇത്രയും പറഞ്ഞിട്ടാണ് പ്രസംഗം അവസാനിപ്പിക്കുന്നത്. ചടങ്ങ് കഴിഞ്ഞതിനുശേഷം സദസ്സിന്റെ പരിസരത്തുണ്ടായിരുന്ന ഒരാള്‍ വന്ന് എനിക്കുനേരെ വധഭീഷണി മുഴക്കിയ. 'രാഷ്ട്രീയപരാമര്‍ശമുള്ള ഇത്തരം പ്രസംഗങ്ങള്‍ നടത്തിയാല്‍ നിങ്ങളെ കത്തി കയറ്റി കൊന്നുകളയും' എന്നാണ് അയാള്‍ പറഞ്ഞത്. വായനശാല നിയമനടപടികളുമായി നീങ്ങുന്നുണ്ട്. ഭീഷണി മുഴക്കിയ ആളെ കണ്ടാല്‍ എനിക്ക് തിരിച്ചറിയാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.