
നാദാപുരം: പുലി ആക്രമണത്തെ തുടർന്ന് പരിഭ്രാന്തി പടരുന്ന സാഹചര്യത്തിൽ കുമ്മങ്കോട് സർവ്വകക്ഷി യോഗം ചേർന്നു. കെ.എം. അഭിജിത്ത് എം.എൽ.എയുടെ നേതൃത്വത്തിലായിരുന്നു യോഗം.
പ്രദേശത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായി ആറ് പ്രധാന തീരുമാനങ്ങളാണ് യോഗത്തിൽ കൈക്കൊണ്ടത്. കനാൽ പരിസരത്തെ കാട് അടിയന്തരമായി വെട്ടിത്തെളിക്കാനും പൊതുസ്ഥലങ്ങളിലെ കാടുകൾ വൃത്തിയാക്കാനും തീരുമാനിച്ചു. പുലിയെ പിടികൂടുന്നതിനായി വനംവകുപ്പിന്റെ നേതൃത്വത്തിൽ കൂട് സ്ഥാപിക്കും. ആക്രമണത്തിൽ പരിക്കേറ്റ സിനാന് സർക്കാർ ചികിത്സാ സഹായം ഉറപ്പാക്കാൻ ഇടപെടൽ നടത്തും. കൂടാതെ പുലി ആക്രമണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും സുരക്ഷാ കാരണങ്ങളാൽ പ്രദേശത്തെ സ്കൂളുകൾക്ക് നാളെയും അവധി നൽകാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. സഫീറ, വൈസ് പ്രസിഡന്റ് കെ എം രഘുനാഥ്, സുമയ്യ പാട്ടത്തിൽ, പി പി വാസു ഫോറസ്റ്റ് ഓഫീസർ പ്രശാന്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സൂപ്പി നരിക്കാട്ടേരി, ബഗ്ലത്ത് മുഹമ്മദ്, എം.പി. സൂപ്പി, എ. സജീവൻ, ടി. ബാബു, , ഇ.സി. ഇബ്രാഹിം ഹാജി, കെ.കെ. കുഞ്ഞബ്ദുള്ള, കെ.കെ. റംഷിദ്, ഇല്ലത്ത് ഇസ്മായിൽ തുടങ്ങിയവർ പങ്കെടുത്തു.