വടകര: ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ആറളം സ്വദേശി ഷാനിഫ് (27) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ജെ ടി റോഡിലാണ് സംഭവം. വടകര പുതിയാപ്പിൽ വാടക ക്വാട്ടേഴ്സിൽ താമസിച്ച് വരികയായിരുന്നു. ജെ.ടി റോഡിൽ നിർത്തിയിട്ട ഓട്ടോയിലാണ് യുവാവിനെ ബോധരഹിതനായി കണ്ടത്. നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
അമിത മയക്കുമരുന്ന് ഉപയോഗമാണ് മരണകാരണമെന്ന് കരുതുന്നു. സംഭവസ്ഥലത്തുനിന്ന് സിറിഞ്ച് അടക്കമുള്ള വസ്തുക്കൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. വടകര കല്ലേരിയിൽ നിന്നാണ് ഷാനിഫ് വിവാഹം കഴിച്ചത്. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബന്ധുക്കൾ എത്തിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും. കഴിഞ്ഞ മാസം തൊട്ടടുത്ത പ്രദേശമായ ഓർക്കാട്ടേരിയിൽ രണ്ട് യുവാക്കളെ ലഹരി ഉപയോഗത്തെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മേഖലയിൽ മയക്കുമരുന്ന് സംഘങ്ങൾ പിടിമുറക്കുന്നതിൻ്റ സൂചനയാണ് ദുരൂഹ മരണങ്ങൾ എന്നാണ് നാട്ടുകാർ ഉൾപ്പടെ പറയുന്നത്.