വടകര: നാടിന് ഇത് അഭിമാന നിമിഷം. ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് പടിയിറങ്ങിയ വടകരക്കാരൻ കെ. കൈലാസ് നാഥിന് ഇനിദൗത്യം പുതുച്ചേരിയിൽ. ജൂൺ 30-ന് ഔദ്യോഗികജീവിതം അവസാനിപ്പിച്ച കൈലാസ്‌നാഥിനെ പുതുച്ചേരി ലെഫ്. ഗവർണറായാണ് രാഷ്ട്രപതി നിയമിച്ചത്. വില്യാപ്പള്ളി മുയ്യോട്ട് താഴയിലെ പറമ്പത്ത് താഴ കുനിയിൽ റിട്ട. പോസ്റ്റ്മാസ്റ്റർ പരേതനായ ഗോവിന്ദന്റെയും ലീലയുടെയും മകനാണ് കൈലാസ് നാഥ്.
ഊട്ടിയിൽ പോസ്റ്റ് മാസ്റ്ററായിരുന്നു കൈലാസ് നാഥിന്റെ അച്ഛൻ ഗോവിന്ദൻ. പഠനത്തിൽ മിടുക്കനായ കൈലാസ് നാഥ് എട്ടാംക്ലാസിൽ പഠിക്കവേ ഓൾ ഇന്ത്യ മെറിറ്റ് സ്കോളർഷിപ്പ് നേടി ചെന്നൈ അഡയാറിലെ തിയോസഫിക്കൽ സൊസൈറ്റിയുടെ സ്കൂളിൽ പ്രവേശനം നേടി. 1979-ലാണ് ഐ.എ.എസ്. കിട്ടിയത്. ഗുജറാത്ത് കേഡറിൽ ബറോഡ അസിസ്റ്റന്റ് കളക്ടറായി ആദ്യനിയമനം. അന്നുതുടങ്ങിയതാണ് ഗുജറാത്ത് ജീവിതം. നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ 2006-ൽ അദ്ദേഹത്തിന്റെ ഓഫീസിലെത്തി. വൈകാതെ പ്രിൻസിപ്പൽ സെക്രട്ടറിയായി. മോദിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. 2013-ൽ വിരമിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി എന്ന പദവി വീണ്ടും ഇദ്ദേഹത്തിന് നൽകി. തൃശ്ശൂർ എലൈറ്റ് ഗ്രൂപ്പിന്റെ പാർട്ണർ ടി.ആർ. രാഘവന്റെ മകൾ ബീനയാണ് കൈലാസ് നാഥിന്റെ ഭാര്യ. യു.കെ.യിൽ ഡോക്ടറായ യാമിനിയും ബിസിനസുകാരനായ റോഹിത്തും മക്കൾ.