വടകര: സമൂഹ മാധ്യമങ്ങളിലൂടെ യുവതികളുടെ ഫോട്ടോകൾ ശേഖരിച്ച് അശ്ലീല ഇൻസ്റ്റഗ്രാം പേജുകളിൽ പ്രചരിപ്പിച്ച യുവാവിനെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. കൈതപ്പൊയിൽ സ്വദേശി ശരൺ രഘു (20) ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലെ സ്ത്രീകളുടെ പ്രൊഫൈലുകളിൽ നിന്നും ഫോട്ടോസ് ഡൗൺലോഡ് ചെയ്ത് അശ്ലീല ശബ്ദ ശകലങ്ങളോടുകൂടി എഡിറ്റ് ചെയ്ത് അശ്ലീല പേരോടുകൂടിയ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രചരിപ്പിക്കുകയായിരുന്നു. താമരശ്ശേരി സ്വദേശികളായ നിരവധി സ്ത്രീകൾ പരാതികളുമായി പൊലീസിനെ സമീപിച്ചതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്. വടകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.