വടകര: കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസിലെ കോടതി വിധിയിൽ പ്രതികരണവുമായി ആർ എം പി ഐ നേതാവ് കെ കെ രമ എം എൽ എ. സിപിഎമ്മിന്റെ എല്ലാ വാദങ്ങളും കള്ളമെന്ന് ഇതോടെ തെളിയിക്കപ്പെട്ടിരിക്കുകയാണെന്ന് അവർ പറഞ്ഞു.
എം എൽ എ യുടെ കുറിപ്പ്
പെരിയ ഇരട്ടക്കൊലക്കേസ് കോടതിവിധി: സി.പി.എം മസ്‌തിഷ്കത്തിനു വീണ്ടുമേറ്റ കനത്ത പ്രഹരം. ഭരണകൂട ഭീകരതയ്ക്കെതിരായ ജനാധിപത്യത്തിന്റെ വിജയം. സർക്കാർ രാജിവെച്ച് ജനവിധി തേടണം. കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസിൽ ഉദുമ മുൻ എം.എൽ.എ. കെ.വി. കുഞ്ഞിരാമനും മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയുമടക്കമുള്ളവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്. സിപിഎമ്മിന്റെ എല്ലാ വാദങ്ങളും കള്ളമെന്ന് ഇതോടെ തെളിയിക്കപ്പെട്ടിരിക്കുന്നു.
ഇതൊരു സാധാരണ കേസ് ആയിരുന്നില്ല. ഭരണം ഉണ്ടെന്ന ഹുങ്കുകൊണ്ട് ആസൂത്രണം ചെയ്തു നടപ്പാക്കിയ കൊലപാതകമാണ്. എല്ലാ കൊലക്കേസുകളിലും സർക്കാരാണ് വാദി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സമാശ്വാസവും കരുത്തും പകരേണ്ടതും അവർക്കുവേണ്ടി നിയമ യുദ്ധം നടത്താനുമുള്ള ബാധ്യത സർക്കാരിലുണ്ട്. എന്നാൽ എൽഡിഎഫ് സർക്കാർ അത് നിർവഹിച്ചില്ല എന്ന് മാത്രമല്ല, സിബിഐ അന്വേഷണം നടത്തണമെന്ന കുടുംബത്തിന്റെ ആവശ്യം സുപ്രീംകോടതി വരെ ചോദ്യം ചെയ്തതും അതിനുവേണ്ടി പൊതു ഖജനാവിൽ നിന്ന് കോടികൾ മുടക്കിയ നിയമ യുദ്ധത്തിലേക്ക് കുടുംബത്തെ തള്ളി വിട്ടതും സർക്കാരാണ്. അങ്ങനെ സർക്കാരിന് കൂടി പരോക്ഷ പങ്കാളിത്തമുള്ള കുറ്റകൃത്യമായി മാറി ഈ ദാരുണസംഭവം. അതുകൊണ്ടുതന്നെ ഈ കോടതി വിധി വാസ്തവത്തിൽ സർക്കാരിനെതിരായ കോടതി വിധി കൂടിയാണ്. സംരക്ഷണം നൽകേണ്ട പൗരന്മാരെ തന്നെ ഇല്ലായ്മ ചെയ്യുന്ന ഭരണകൂട ഭീകരതക്കെതിരായ ജനാധിപത്യത്തിന്റെ വിജയമാണ് ഈ കോടതിവിധി. ഭരണഘടന മൂല്യങ്ങളോട് എന്തെങ്കിലും ധാർമിക ബാധ്യതയുണ്ടെങ്കിൽ സർക്കാർ രാജിവച്ചൊഴിഞ്ഞു ജനവിധി തേടണം.
രാഷ്ട്രീയ വിയോജിപ്പുകളെ വെട്ടിയരിഞ്ഞും കൊലപ്പെടുത്തിയും ഇല്ലാതാക്കാമെന്ന വ്യാമോഹങ്ങൾക്കെതിരായ ജനാധിപത്യബോധത്തിലേക്ക് സംഘടിത പ്രസ്ഥാനങ്ങളെ നയിക്കാൻ ഈ കോടതി വിധി ഒരു പ്രേരണശക്തിയാവട്ടെ.
അകാലത്തിൽ പൊലിഞ്ഞ, ഇനിയുമേറെക്കാലം നാടിന് നന്മകൾ പകർന്നു ജീവിക്കേണ്ടിയിരുന്ന ശരത്ത് ലാലിനും കൃപേഷിനും ഒരിക്കൽക്കൂടി ഹൃദയാഞ്ജലികൾ..