BREAKING NEWS
dateTHU 21 NOV, 2024, 3:22 PM IST
dateTHU 21 NOV, 2024, 3:22 PM IST
back
Homeregional
regional
Aswani Neenu
Fri Apr 05, 2024 09:28 PM IST
ഈ ചോരക്കൊതിയിൽ നിന്ന് എന്നാണ് സി.പി.എം മുക്തമാവുക; പാനൂർ സംഭവത്തിൽ കെ.കെ. രമ
NewsImage

വടകര: പാനൂർ മുളിയാത്തോട് മാവുള്ള ചാലിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ ഉഗ്ര സ്ഫോടനത്തിൽ യുവാവ് മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ആർ.എം.പി.ഐ നേതാവ് കെ.കെ. രമ എം.എൽ.എ. കൊലപാതക ഫാക്ടറികളാവുന്ന പാർട്ടി ഗ്രാമത്തിൽ ഒരു ജീവൻ കൂടെ പൊലിഞ്ഞിരിക്കുന്നുവെന്ന് കെ.കെ. രമ ഫേസ്ബുക്കിൽ കുറിച്ചു.

ഈ ചോരക്കൊതിയിൽ നിന്ന് എന്നാണ് സി.പി.എം മുക്തമാവുക. വടകര മണ്ഡലത്തിൽ ഉടനീളം കലാപം നടത്താനുള്ള ആസൂത്രണമാണ് അണിയറയിൽ നടക്കുന്നതെന്ന് ഉറപ്പിക്കാമെന്നും കെ.കെ. രമ എഫ്.ബി പോസ്റ്റിൽ ചൂണ്ടിക്കാട്ടി. പാർട്ടി നടത്തിയ നിഷ്ഠൂരമായ കൊലപാതകങ്ങളെയോ അക്രമ പ്രവർത്തനങ്ങളെയോ ഇതുവരെ തള്ളി പറയാത്ത കെ.കെ. ഷൈലജ ബോംബ് സ്ഫോടനത്തിൽ നിലപാട് വ്യക്തമാക്കണമെന്നും കെ.കെ. രമ ആവശ്യപ്പെട്ടു.

കെ.കെ. രമയുടെ ഫേസ്ബുക്ക് പോസ്റ്റ്....

കൊലപാതക ഫാക്ടറികളാവുന്ന പാർട്ടി ഗ്രാമത്തിൽ ഒരു ജീവൻ കൂടെ പൊലിഞ്ഞിരിക്കുന്നു. ഈ ചോരക്കൊതിയിൽ നിന്ന് എന്നാണ് സിപിഎം മുക്തമാവുക. പാനൂർ മുളിയതോടിൽ ബോംബ് നിർമാണത്തിനിടെയുള്ള സ്ഫോടനത്തിൽ പരിക്കേറ്റ രണ്ട് സി.പി.എം ക്രിമിനലുകളിൽ ഒരാൾ മരണപ്പെട്ടിരിക്കുന്നു എന്ന വാർത്ത ഏറെ ഞെട്ടിക്കുന്നതാണ്. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന് പോലീസ് തന്നെ പറയുമ്പോൾ വടകര മണ്ഡലത്തിൽ ഉടനീളം കലാപം നടത്താനുള്ള ആസൂത്രണമാണ് അണിയറയിൽ നടക്കുന്നതെന്ന് ഉറപ്പിക്കാം.

വടകര മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ കെ.കെ ശൈലജ തന്നെ മഹാൻ എന്ന് വിശേഷിപ്പിച്ച ടി.പി വധക്കേസ് പ്രതി കൊലയാളി പി.കെ. കുഞ്ഞനന്തന്‍റെ നാട്ടിലാണ് സ്ഫോടനം നടന്നിരിക്കുന്നത്. കുഞ്ഞനന്തനും കെ.കെ ശൈലജയും പി.ജയരാജയനുമായൊക്കെ വലിയ അടുപ്പമുള്ള പ്രവർത്തകർക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത് എന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. ടി.പി കേസിലെ മറ്റു പ്രതികളായ കൊടി സുനി, ജ്യോതി ബാബു, ട്രൗസർ മനോജ് എന്നിവരുമായി ഏറെ അടുത്ത ബന്ധം സൂക്ഷിച്ചവരാണ് ഇപ്പോൾ അപകടത്തിൽപ്പെട്ടതെന്നുമുള്ള വിവരങ്ങളും പുറത്തുവരികയാണ്. സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ട് തന്നെയാണ് വടകര മണ്ഡലത്തിൽ കലാപം ആസൂത്രണം ചെയ്യുന്നത് എന്ന കാര്യം ഇതിൽ നിന്നെല്ലാം വ്യക്തമാവുകയാണ്.

വടകരയിലെ ആർഎംപിഐ പിൻതുണക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ സ്ഥാനാർത്ഥി പര്യടനം കണ്ണൂർ ജില്ലയിൽ കടക്കാനിരിക്കെയാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത് എന്നത് പ്രശ്‌നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പോലും ജനങ്ങളെയും എതിർ പാർട്ടിക്കാരെയും അക്രമവും ഭീഷണിയും കൊണ്ട് അടക്കിനിർത്തി വിജയിച്ചു കയറാം എന്ന മൂഢവിശ്വാസത്തിലാണ് ഇന്നും സിപിഎം നിലനിൽക്കുന്നത്. ഇത്തരം അക്രമകാരികൾക്കെതിരെയുള്ള ശക്തമായ താക്കീതായി ഈ തെരഞ്ഞെടുപ്പ് മാറണം.

ഇപ്പോൾ സ്ഫോടനമുണ്ടായ ഒരു കേന്ദ്രത്തിൽ മാത്രമല്ല കണ്ണൂരിലെ പല സിപിഎം ഗ്രാമങ്ങളിലും ഇത്തരം അക്രമ ഫാക്ടറികൾ സജീവമായി പ്രവർത്തിക്കുന്നു എന്ന് വേണം കരുതാൻ. തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെട്ട് സിപിഎം ശക്തി കേന്ദ്രങ്ങളിൽ ശക്തമായ റെയ്‌ഡ്‌ നടത്തി ആയുധങ്ങളും മറ്റും പിടിച്ചെടുക്കണം. സമാധാനപരവും നീതിപൂർവ്വമായ തെരഞ്ഞെടുപ്പ് നടക്കണമെങ്കിൽ ഇത് ചെയ്തേ മതിയാകൂ.

പാർട്ടി നടത്തിയ നിഷ്ഠൂരമായ കൊലപാതകങ്ങളെയോ അക്രമ പ്രവർത്തനങ്ങളെയോ ഇതുവരെ തള്ളി പറയാത്ത ശൈലജ ടീച്ചർ ഈ ഉണ്ടായ സംഭവത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കണം.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE