വടകര: പഴങ്കാവ് പരവന്തല ക്ഷേത്രത്തിന്റെ സമീപം കിണറിൽ വീണ വീട്ടമ്മയെ വടകരയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന രക്ഷപെടുത്തി. രാവിലെ വെള്ളം കോരുന്നതിനടിയിൽ അബദ്ധത്തിൽ വീട്ടുമുറ്റത്തെ കിണറിൽ വീഴുകയായിരുന്നു. സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ വിജിത് കുമാറിന്റെ നേതൃത്വത്തിൽ എത്തിയ സേനയിലെ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ എം. കെ ഗംഗാധരൻ കിണറ്റിൽ ഇറങ്ങി മറ്റു സേനാംഗങ്ങളുടെ സഹായത്തോടെ വീട്ടമ്മയെ രക്ഷപ്പെടുത്തുകയായിരുന്നു. ചെറിയ പരിക്ക് പറ്റിയ വീട്ടമ്മയെ സേനയുടെ വാഹനത്തിൽ തന്നെ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചു. കിണറിനു 60 അടി താഴ്ചയും 6 ആൾ ഉയരത്തിൽ വെള്ളവും ഉണ്ടായിരുന്നു. രക്ഷപ്രവർത്തനത്തിൽ ഫയർ & റെസ്ക്യൂ ഓഫീസർമാരായ ഷിജു കെ എം, ജൈസൽ. കെ, ആദർശ്. വി. കെ, സുദീപ് എസ്. ഡി, അർജുൻ സി. കെ, വിപിൻ. എം, ഹോം ഗാർഡ് സുരേഷ് എന്നിവർ പങ്കെടുത്തു.