വടകര: കഞ്ചാവുമായി രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി. ബിഎസ്എൻഎൽ കേബിൾ ജോലിക്കാരായ മേലെ മുക്കാളി സഫ് വാൻ (24), വള്ളിക്കാട് ഷെറിൻ (30) എന്നിവരാണ് പിടിയിലായത്. ചെറിയ അളവിൽ വിൽപനയ്ക്കായി പാക്കറ്റുകളായി സൂക്ഷിച്ച 55 ഗ്രാം കഞ്ചാവും അളവ് തൂക്ക മെഷീനും കണ്ടെടുത്തു. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കുലിന്റെ നേതൃത്വത്തിൽ എക്സൈസ് ഓഫിസർമാരായ പി.കെ.സുരേഷുമാർ, കെ.ഷിരാജ്, ഇ.എം.മുസ്ബിൻ എന്നിവർ ചേർന്നാണ് ഇരുവരെയും പിടികൂടിയത്.
ലഹരിക്കെതിരെ മണിയൂർ കുന്നത്തുകര എംഎൽപി സ്‌കൂളിൽ വാർഡ് ജാഗ്രതാ സമിതി യോഗം നടക്കുന്നതിനിടെ സമീപത്തെ വാടക വീട്ടിൽ നിന്നാണ് ഇരുവരും പിടിയിലായത്. കഴിഞ്ഞ ദിവസം നാട്ടുകാരനായ ഒരാളെ എംഡിഎംയുമായി അറസ്‌റ്റ് ചെയ്‌തിരുന്നു. പ്രദേശത്ത് ലഹരി വിൽപന വർധിച്ചതിനെ തുടർന്നാണ് വാർഡ് ജാഗ്രത സമിതി യോഗം ചേർന്നത്.