വടകര : ചോറോടിലെ കോൺഗ്രസ് നേതാവിന്റെ വീടിനോട് ചേർന്ന വിറകുപുരയിൽ തീപ്പിടിത്തം. പിന്നാലെ വീട്ടുപരിസരത്ത് രക്തത്തുള്ളികളും കണ്ടെത്തി. വടകര ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയും വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ രയരങ്ങോത്ത് കൃഷ്ണകൃപയിൽ കെ. രമേശന്റെ വീട്ടിലാണ് സംഭവം. തന്നെയും കുടുംബത്തെയും അപായപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും തീവെച്ചയാളുടേതാണ് രക്തത്തുള്ളികളെന്നും ചൂണ്ടിക്കാട്ടി രമേശൻ വടകര പോലീസിൽ പരാതി നൽകി.
തീപ്പിടിത്തത്തിൽ വിറകുപുരയിൽ ഉണ്ടായിരുന്ന വാഷിങ് മെഷീൻ, മരങ്ങൾ, വിറക് തുടങ്ങിയവ കത്തിനശിച്ചു. തറയ്ക്കും കേടുപാട് സംഭവിച്ചു. വെള്ളിയാഴ്ച പുലർച്ചയാണ് 2.30-ഓടെയാണ് സംഭവം. വൈദ്യുതി നിലച്ചതിനെത്തുടർന്ന് എഴുന്നേറ്റപ്പോഴാണ് വിറകുപുരയിൽ തീ കണ്ടത്. ഉടൻ ഭാര്യയെയും മകനെയും വിളിച്ച് തീകെടുത്തുകയായിരുന്നെന്ന് രമേശൻ പറഞ്ഞു.
ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന്റെ കാരണമെന്ന് ആദ്യം കരുതിയെങ്കിലും രാവിലെ വീടിന് സമീപത്തായി പലസ്ഥലങ്ങളിലും രക്തത്തുള്ളികൾ കണ്ടു. ഇതോടെ തീവെച്ചതാണെന്ന് സംശയം ഉയരുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. വടകര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്താൻ പോലീസ് നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സമരരംഗത്തിറങ്ങുമെന്നും സ്ഥലം സന്ദർശിച്ച കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സതീശൻ കുരിയാടി, ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.ടി.കെ. നജ്മൽ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സി. നിജിൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.