വടകര: വടകരയിലെ യു.ഡി.എഫ്. സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം. നേതാവ് എ.എ. റഹിം. കേരളം കണ്ട ഏറ്റവും വലിയ പൊളിറ്റിക്കൽ പോയിസൺ അഥവാ രാഷ്ട്രീയ കൊടുംവിഷമാണ് ഷാഫിയെന്ന് അദ്ദേഹം ആരോപിച്ചു. വടകരയിൽ നടന്ന ഡി.വൈ.എഫ്.ഐ. നടത്തിയ യൂത്ത് അലർട്ട് ക്യാമ്പെയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു റഹിം.
'വടകരയിൽ ഇടതിന്റെ സ്ഥാനാർഥിക്കക്കതിരെ രാഷ്ട്രീയ പ്രചാരണങ്ങൾക്ക് അപ്പുറം വ്യാജനിർമിതികളുടെ കുന്തമുനകൾ ആണ് യു.ഡി.എഫ്. കാഴ്ച വെച്ചത്. പാലക്കാട് എത്തിയാൽ മൃദുഹിന്ദുത്വം, വടകരയിൽ മതന്യൂനപക്ഷം എന്നതാണ് സമീപനം.' -എ.എ. റഹിം കുറ്റപ്പെടുത്തി.
'രാഷ്ട്രീയ കുമ്പിടി ആണ് ഷാഫി. തുറന്ന് കാട്ടേണ്ടവരെ തുറന്ന് കാട്ടുക തന്നെ വേണം, അല്ലെങ്കിൽ അത് രാഷ്ട്രീയ പ്രവർത്തനമാകില്ല. മുരളീധരനും മുല്ലപ്പള്ളിയും മത്സരിച്ചപ്പോൾ ഇത് പോലെ 'യൂത്ത് അലർട്ട്' നടത്തേണ്ട സാഹചര്യം ഉണ്ടായില്ല.'
'തൃക്കാക്കരയിലെ സ്ഥാനാർത്ഥിക്കെതിരെ വ്യാജവീഡിയോ ഉണ്ടാക്കിയതും ഇതേ സംഘമാണ്. ഞങ്ങൾക്കെതിരെ മാത്രമല്ല, പലർക്കുമെതിരെ രാഷ്ട്രീയ വിഷം ചീറ്റിയിട്ടുണ്ട്. എന്തും ചെയ്യാൻ മടിക്കാത്ത 'പൊളിറ്റിക്കൽ പോയിസൺ' അഥവാ രാഷ്ട്രീയ വിഷമാണ് ഷാഫി. യൂത്ത് കോൺഗ്രസിൽ ഷാഫിയോട് എതിർപ്പുള്ളവരോട് ചോദിച്ചാൽ ഇക്കാര്യം അടിവരയിടും. വടകര പലതവണ വർഗീയതയെ അതിജീവിച്ച മണ്ണാണ്. ഇതും അതിജീവിക്കും.' -റഹിം പറഞ്ഞു.
'ലീഗിനുമേൽ ചാരി നിൽക്കുന്ന തെരുവ് ചട്ടമ്പിയായി കോൺഗ്രസ് മെലിഞ്ഞു. ലീഗിൻ്റെ പെടലിക്ക് ചാരി നിന്ന് വീരസ്യം പറയുന്ന മെലിഞ്ഞ ഗുണ്ടയാണ് കോൺഗ്രസ്. ഫേസ്ബുക്ക് പോസ്റ്റിലെ ലൈക്കിലൂടെ അതിനെ ജീവിപ്പിക്കാനാണ് രാഷ്ട്രീയ വിഷങ്ങളുടെ ശ്രമം. എന്നാൽ അതിന് കഴിയില്ല. തരം പോലെ നിങ്ങളെടുത്ത വർഗീയ നിലപാടുകളെ ഒരു ഘട്ടം കഴിഞ്ഞാൽ ജനം തള്ളുമെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനോടും ഷാഫി പറമ്പിലിനോടും പറയാനുള്ളത്.' -അദ്ദേഹം പറഞ്ഞു.
'തിരഞ്ഞെടുപ്പ് വരും, പോകും. തിരഞ്ഞെടുപ്പിന് ശേഷവും നാടുണ്ടാകണം. തിരഞ്ഞെടുപ്പിന് വേണ്ടി മാത്രം ഓഫീസ് തുറക്കുന്ന സംഘടനയല്ല ഡി.വൈ.എഫ്.ഐ. തിരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രചാരണത്തിനുള്ള നല്ല വേദിയായാണ് ഞങ്ങൾ കാണുന്നത്.' -എ.എ. റഹിം പറഞ്ഞു.