ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡില്‍ മലയാളി സൈനികനെ കാണാതായതായി റിപ്പോർട്ട്. ഇതിനോടൊപ്പം മലയാളി തീര്‍ഥാടകര്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ഹരിദ്വാറില്‍ കാണാതായവരില്‍ മലയാളി സൈനികനായ പയ്യന്നൂർ സ്വദേശി ശ്രീകാന്ത് ഉള്‍പ്പെടുന്നതായി ബന്ധുവായ ശ്രീജിത് അറിയിച്ചു. ശ്രീകാന്തിനെ ബന്ധപ്പെടാനാകുന്നില്ലെന്നാണ് ശ്രീജിത് പറഞ്ഞു.
ദുരന്തമുണ്ടാകുന്ന സമയത്ത് ശ്രീകാന്ത് വീട്ടിലേക്ക് വിളിച്ചതായും താനുള്‍പ്പെടുന്ന സംഘത്തിന്റെ ക്യാമ്പൊക്കെ ഒലിച്ചുപോയതായും തങ്ങള്‍ അടിയന്തരമായി അവിടെ നിന്ന് മാറുകയാണെന്നും പറഞ്ഞതായി ശ്രീജിത് പറയുന്നു. പിന്നീട് മൂന്നുമണിയോടെ വിളിച്ചപ്പോള്‍ ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നും ശ്രീജിത് കൂട്ടിച്ചേര്‍ത്തു. രാത്രി മുഴുവന്‍ വിളിച്ചു നോക്കിയിരുന്നതായും ശ്രീജിത് പറഞ്ഞു.ശ്രീകാന്ത് 20 വര്‍ഷമായി സൈന്യത്തിലാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഉത്തരാഖണ്ഡിലാണ് അദ്ദേഹം സേവനമനുഷ്ഠിക്കുന്നത്.