തിരുവള്ളൂർ : നവകേരള സദസ്സിന്റെ സംഘാടന ചെലവിലേക്ക് തനത് ഫണ്ടിൽനിന്ന് അരലക്ഷം രൂപ അനുവദിക്കണമെന്ന നിർദേശം പരിഗണിക്കേണ്ടതില്ലെന്ന് യു.ഡി.എഫ്. ഭരിക്കുന്ന തിരുവള്ളൂർ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയോഗം തീരുമാനം. പഞ്ചായത്തീരാജ് ചട്ടങ്ങൾക്ക് വിരുദ്ധമായാണ് പ്രസ്തുത ഉത്തരവെന്ന് പ്രസിഡന്റ് സബിത മണക്കുനി വിശദീകരിച്ചു.
തനത് ഫണ്ടില്ലാത്ത ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളോട് തനതു ഫണ്ടിൽനിന്ന് തുക അനുവദിക്കാൻ പറഞ്ഞതിൽതന്നെ ആശയക്കുഴപ്പം വ്യക്തമാണ് എന്നും ചൂണ്ടിക്കാട്ടി. എന്നാൽ എൽ.ഡി.എഫ്. അംഗങ്ങൾ ഇതിൽ പ്രതിഷേധിച്ചു. ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയെ ഉദുമയിലേക്ക് സ്ഥലംമാറ്റിയത് പഞ്ചായത്തിലെ മാലിന്യനിർമാർജനപ്രവർത്തനം ലക്ഷ്യം കൈവരിക്കുന്നതിൽ പരാജയപ്പെടാൻ കാരണമാകുമെന്നുകാണിച്ച് ഒന്നാം വാർഡ് മെമ്പർ ബവിത്ത് മലോൽ അവതരിപ്പിച്ച പ്രമേയത്തെച്ചൊല്ലിയും തർക്കമുണ്ടായി.