തിരുവനന്തപുരം: ക്ലാസ് മുറിയിൽ വെച്ച് ഏഴാം ക്ലാസുകാരിയായ വിദ്യാർത്ഥിനിക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് നിർദേശം നൽകിയത്.
സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന് അധികൃതർ ആവർത്തിച്ച് നിർദേശം നൽകാറുണ്ട്. എന്നിട്ടും ഇത്തരമൊരു സംഭവം നടന്നത് ഗൗരവകരമാണ്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ചെങ്കല്‍ യു പി എസിലാണ് സംഭവം.പൊറ്റയിൽ വടക്കേ പറമ്പിൽ കോട്ടമുറിയിൽ ഷിബുവിന്റെയും ബീനയുടെയും മകൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ നോഖയ്ക്കാണ് (12) ഇന്നലെ സ്‌കൂളിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങൾക്കിടെ പാമ്പ് കടിയേറ്റത്. ചുരുട്ട പാമ്പാണ് കുട്ടിയെ കടിച്ചത്.
.1961ൽ ആരംഭിച്ചതാണ് ചെങ്കൽ സ്‌കൂൾ. അമ്പത് വിദ്യാർത്ഥികളാണ് ഈ സ്‌കൂളിൽ പഠിക്കുന്നത്. കാലാകാലങ്ങളായി ഇവിടെ മെയിന്റനൻസ് നടക്കുന്നുണ്ടെന്ന് പ്രധാനാധ്യാപിക ഇന്ദു പ്രതികരിച്ചു.എന്നാൽ കാടും പടപ്പും കയറിയ നിലയിലാണ് സ്‌കൂളിന്റെ വിവിധ ഭാഗങ്ങളെന്ന് രക്ഷകർത്താക്കൾ ആരോപിച്ചിരുന്നു.