
കല്ലാച്ചി : പതിനാലുകാരനെ ലൈംഗികാതിക്രമത്തിനും പ്രകൃതിവിരുദ്ധപീഡനത്തിനും ഇരയാക്കിയ കേസിലെ പ്രതിക്ക് 41 വർഷം കഠിനതടവും 52,000 രൂപ പിഴയും. വളയം ചെറുമോത്ത് സ്വദേശി പഞ്ചാര മൂസ(64)യെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ. നൗഷാദ് അലി ശിക്ഷിച്ചത്.
കുട്ടിയെ 2021-ൽ വളയം ടൗണിലുള്ള ബസ്‌സ്റ്റോപ്പ് കെട്ടിടത്തിൽ കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയും 50 രൂപ പാരിതോഷികം നൽകുകയും ചെയ്തെന്നാണ് കേസ്. സംഭവത്തെത്തുടർന്ന് കുട്ടിയും പിതാവും വളയം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാനിയമപ്രകാരവുമുള്ള വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
നാദാപുരം കൺട്രോൾ റൂം ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്ത്, വളയം പോലീസ് ഇൻസ്പെക്ടർ എ അജേഷ് , വളയം എഎസ്ഐ എൻ.സി. കുഞ്ഞുമോൾ എന്നിവരാണ് കേസിന്റെ അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. ലെയ്‌സൺ ഓഫീസർ പി.എം. ഷാനി പ്രോസിക്യൂഷൻ നടപടികളെ ഏകോപിപ്പിച്ചു.