വടകര : പ്രൊമോഷൻ വീഡിയോ ചിത്രീകരണത്തിനിടെ ആൽവിനെ ഇടിച്ചുതെറിപ്പിച്ച ആഡംബരക്കാറിന് ഇൻഷുറൻസില്ലെന്ന് മോട്ടോർവാഹനവകുപ്പ് കണ്ടെത്തി. കോഴിക്കോട് ആർ.ടി.ഒ. പി.എ. നസീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനങ്ങൾ പരിശോധിച്ചത്. തെലങ്കാന രജിസ്ട്രേഷനുള്ള വാഹനം അവിടെനിന്ന് കൊണ്ടുവന്നെങ്കിലും ഇൻഷുറൻസ് മറ്റൊരാളുടെ പേരിലായതിനാൽ നിയമസാധുതയില്ല.
ഇതിനാലാണ് ആൽവിനെ ഇടിച്ചത് മറ്റൊരുകാറാണെന്ന മൊഴിനൽകിയത്. ആൽവിൻ ചിത്രീകരണത്തിനുപയോഗിച്ച മൊബൈലിലെ ദൃശ്യമായിരുന്നു മുഖ്യതെളിവ്. അപകടദിവസം ഹാജരാക്കാതിരുന്ന ഫോൺ പ്രതിയുടെ ബന്ധു ബുധനാഴ്ച രാവിലെ ഹാജരാക്കി.കാറിടിച്ച് പന്ത്രണ്ടടിയിലേറെ ഉയരത്തിലേക്ക് തെറിച്ച് റോഡിലേക്കുവീണ ആൽവിന്റെ മരണത്തിനിടയാക്കിയത് വാരിയെല്ലിനും നട്ടെല്ലിനുമേറ്റ പരിക്കുകളെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഒപ്പം, തലച്ചോർ കലങ്ങിയനിലയിലായിരുന്നെന്നും റിപ്പോർട്ടിലുണ്ടെന്ന് വെള്ളയിൽ സി.ഐ. ബൈജു കെ. ജോസ് അറിയിച്ചു.