നാദാപുരം: ബാലികയുടെ അമ്മയെ രണ്ടാം വിവാഹം കഴിക്കുകയും സ്നേഹം നടിച്ച് ബാലികയെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ രണ്ടാനച്ഛന് വിവിധ വകുപ്പുകൾ പ്രകാരം 76.5 വർഷം കഠിനതടവും 1,53,000 രൂപ പിഴയും വിധിച്ചു. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ. നൗഷാദലിയാണ് ശിക്ഷ വിധിച്ചത്. ഇവ ഒന്നിച്ച് 25 വർഷം കഠിനതടവ് അനുഭവിച്ചാൽ മതിയാവും.
പിഴസംഖ്യ ഈടാക്കുന്നപക്ഷം അതിജീവിതയ്ക്ക് നൽകാൻ കോടതി ഉത്തരവിട്ടു. പയ്യന്നൂർ സ്വദേശിയും അഴിയൂരിൽ താമസക്കാരനുമായ മുപ്പത്താറുകാരനെയാണ് കോടതി ശിക്ഷിച്ചത്. 2023-ൽ പല ദിവസങ്ങളിലായാണ് സംഭവം. പീഡനവിവരം ബാലികയുടെ അമ്മ അറിഞ്ഞപ്പോൾ വീട്ടിൽ തർക്കമുണ്ടായി. തുടർന്ന് പ്രതി വീട് വിട്ടുപോയി. പരാതിക്കാരിയും അമ്മയും ചോമ്പാല പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് പരാതിക്കാരി ഹാജരായി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബലാത്സംഗത്തിനും ജുവൈനൽ നിയമപ്രകാരവും പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്തത്. ചോമ്പാല സ്റ്റേഷൻ ഓഫീസർ ബി.കെ. സിജു, സബ് ഇൻസ്‌പെക്ടർ രാജേഷ്, സി.പി.ഒ. സി.കെ. ശാലിനി എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം പൂർത്തീകരിച്ചത്.
കേസിൽ പ്രോസിക്യൂഷൻഭാഗത്തുനിന്ന് 20 സാക്ഷികളെ വിസ്തരിച്ചു. 27 രേഖകൾ ഹാജരാക്കി. പരാതിക്കാരുടെ അമ്മയെ വിവാഹം കഴിച്ചിട്ടില്ലെന്നും ഒരുമിച്ച് താമസിച്ചിട്ടില്ലെന്നുമാണ് പ്രതി കോടതിയിൽ വാദിച്ചത്. എന്നാൽ, കോടതി ഇക്കാര്യം പരിഗണിച്ചില്ല. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.