മുംബൈ: 2006-ലെ മുംബൈ ലോക്കൽ ട്രെയിൻ സ്‌ഫോടനക്കേസിൽ പ്രതി ചേർക്കപ്പെട്ട 12 പേരെയും ബോംബെ ഹൈക്കോടതി വെറുതെവിട്ടു. കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണമായും പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു.
നഗരത്തിലെ റെയിൽവേ ശൃംഖലയെ പിടിച്ചുകുലുക്കുകയും 180-ലധികം പേരുടെ മരണത്തിനും ഒട്ടേറെ പേരുടെ പരിക്കിനും ഇടയാക്കുകയും ചെയ്ത ഭീകരാക്രമണത്തിന് 19 വർഷത്തിന് ശേഷമാണ് വിധി വരുന്നത്. പ്രോസിക്യൂഷൻ തെളിവുകൾ പര്യാപ്തമായിരുന്നില്ലെന്ന് ജസ്റ്റിസുമാരായ അനിൽ കിലോർ, ശ്യാം ചന്ദക് എന്നിവരടങ്ങിയ ഹൈക്കോടതി പ്രത്യേക ബെഞ്ച് പറഞ്ഞു.വിചാരണ കോടതി അഞ്ച് പേർക്ക് വധശിക്ഷയും ഏഴ് പേർക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു. എന്നാൽ, ഇത് ശരിവെക്കാൻ വിസമ്മതിച്ച പ്രത്യേക ബെഞ്ച് എല്ലാവരെയും വെറുതെവിട്ടു. മറ്റ് കേസുകളിൽ പ്രതിയല്ലെങ്കിൽ, ഇവരെ ഉടൻ ജയിലിൽനിന്ന് മോചിപ്പിക്കണമെന്നും കോടതി പറഞ്ഞു.