കോഴിക്കോട്: സി.പി.എമ്മിന്റെ കോഴിക്കോട് ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും നടക്കുന്ന പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും അവ തള്ളിക്കളയണമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ വിഭാഗീയതയും നേതാക്കളുടെ പക്ഷം പിടിച്ചുള്ള മത്സരവുമാണെന്നൊക്കെയാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കുന്നതെന്നും പ്രസ്താവനയില്‍ വിമര്‍ശനമുണ്ട്.
പി.കെ. ദിവാകരന്‍ ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കപ്പെട്ടതിനേക്കുറിച്ചും പ്രസ്താവനയില്‍ വിശദീകരിക്കുന്നുണ്ട്. സമ്മേളന പ്രതിനിധികളാണ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. വടകരയില്‍ നടന്ന സമ്മേളനം അംഗീകരിച്ച 47 പേരുടെ പാനല്‍ പി.കെ. ദിവാകരന്‍ ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍ അംഗീകരിച്ചതാണ്. തന്നെ പാനലില്‍ ഉള്‍പ്പെടുത്തിയില്ല എന്ന നിലയിലുള്ള വിവാദങ്ങളെ ഉയര്‍ന്ന കമ്യൂണിസ്റ്റ് സംഘടനാബോധത്തോടെ പി.കെ. ദിവാകരന്‍ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
നിയമനകോഴയില്‍ പങ്കുള്ളതുകൊണ്ടാണ് മുന്‍ എന്‍.ജി.ഒ. യൂണിയന്‍ നേതാവിനെ ജില്ലാകമ്മറ്റിയില്‍നിന്ന് ഒഴിവാക്കിയതെന്നത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും പ്രസ്താവനയിലുണ്ട്. മറ്റ് ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്കൊന്നും ചിന്തിക്കാന്‍പോലും കഴിയാത്ത ആശയരൂപീകരണത്തിന്റെയും സംഘടനാക്രമീകരണത്തിന്റെയും ജനാധിപത്യപ്രക്രിയയാണ് സി.പി.എം. പോലുള്ള പാര്‍ട്ടികള്‍ സമ്മേളനങ്ങളിലൂടെ കൃത്യമായി നടത്തിവരുന്നത്. ഇതില്‍ അസ്വസ്ഥരായ മാധ്യമങ്ങളും പാര്‍ട്ടിശത്രുക്കളുമാണ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് വിവാദങ്ങള്‍ സൃഷ്ടിച്ച് പാര്‍ട്ടിയെ താറടിച്ചുകാണിക്കാന്‍ തുടര്‍ച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും പ്രസ്താവന പറയുന്നു.