
കാസർകോട്: റോഡരികിൽ നിന്ന വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. അക്രമിയെ ഹെൽമറ്റുകൊണ്ട് അടിച്ച ശേഷം ഓടി രക്ഷപ്പെട്ട വിദ്യാർത്ഥി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് മേൽപ്പറമ്പ് സ്റ്റേഷനിലെത്തി പരാതി നൽകി.ഇന്നലെ ഉച്ചയ്‌ക്ക് ശേഷമാണ് സംഭവം നടന്നത്. സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കുകയായിരുന്നു 16കാരനായ വിദ്യാർത്ഥി. സ്‌കൂട്ടറിലെത്തിയ ഒരാൾ കുട്ടിയോട് വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുത്തെങ്കിലും തൃപ്‌തനായില്ല. വഴി കാണിക്കാനെന്ന വ്യാജേന ഇയാൾ വിദ്യാർത്ഥിയെ നിർബന്ധിച്ച് സ്‌കൂട്ടറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് വിജനമായ സ്ഥലത്തെ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു.ഇതോടെ ഹെൽമറ്റെടുത്ത് അക്രമിയെ അടിച്ചശേഷം വിദ്യാർത്ഥി ഓടി രക്ഷപ്പെടുകയായിരുന്നു. തൊട്ടുപിന്നാലെ അക്രമിയും സ്‌കൂട്ടറിൽ രക്ഷപ്പെട്ടുവെന്നും പരാതിയിൽ പറയുന്നുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്നും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്നും മേൽപ്പറമ്പ് പൊലീസ് അറിയിച്ചു.