
കണ്ണൂർ: കൂത്തുപറമ്പ് നീർവേലിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യ ചെയ്തു. 20-കാരനായ കിഷൻ, അമ്മൂമ്മ റെജി, അമ്മൂമ്മയുടെ സഹോദരി റോജ എന്നിവരാണ് തൂങ്ങിമരിച്ചത്. പേരമകനായ കിഷൻ ആത്മഹത്യ ചെയ്തതിൽ മനംനൊന്താണ് അമ്മൂമ്മയും സഹോദരിയും ജീവനൊടുക്കിയത്. മുത്തശ്ശിയുടെ വീടായ മൂര്യാട് ചമ്മാൽ റോഡിൽ റെജി നിവാസിൽവെച്ച് വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.
വൈകീട്ട് നാലുമണിയോടെയാണ് കിഷനെ വീട്ടി്‌നകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയത്ത് അമ്മൂമ്മയും സഹോദരിയും വലിയവെളിച്ചത്ത് ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്ക് പോയതായിരുന്നു. വൈകീട്ട് വീട്ടിലേക്ക് മടങ്ങിയപ്പോൾ അയൽവാസികളാണ് ഇവരെ കിഷന്റെ മരണവിവരമറിയിച്ചത്. തുടർന്ന് വീടിന്റെ രണ്ട് മുറികളിലെത്തി ഇരുവരും തൂങ്ങിമരിക്കുകയായിരുന്നു. കിഷനെ സുഹൃത്തുക്കൾ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കിഷന്റെ മരണവാർത്ത തലശ്ശേരി ജനറൽ ആശുപത്രിയിൽനിന്ന് കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിൽ അറിയിച്ചതിനെത്തുടർന്ന് മരണവിവരം അന്വേഷിക്കാൻ പോലീസ് മൂര്യാട് വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കിഷൻ ഇടയ്ക്ക് അമ്മൂമ്മയുടെ വീട്ടിൽ താമസിക്കാൻ വരാറുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് കൂട്ടുകാരോടൊത്ത് വീട്ടിൽ വന്നതായിരുന്നു.
കിഷന്റെ അച്ഛൻ: സുനിൽ( പി.കെ.എസ് ടൂർസ് ആൻഡ് ട്രാവൽസ് ). അമ്മ:നിമിഷ.സഹോദരൻ: അക്ഷയ് (ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർഥി, മയ്യിൽ).