
വടകര : കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളെ പരസ്യമായി വെല്ലുവിളിച്ച് ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കരൻ. താൻ 200 പേർക്ക് സ്‌ക്രീൻഷോട്ട് ബ്രോഡ്കാസ്റ്റ് ചെയ്തുവെന്ന പൊലീസ് വാദത്തെ തള്ളിക്കൊണ്ടാണ് ജിതിൻ രംഗത്തെത്തിയത്. ഫെയസ്ബുക്ക് ലൂടെയാണ് ജിതിൻ തന്റെ ഭാഗം വ്യക്തമാക്കിയത്. കേസ് കോടതിയുടെ പരിഗണനയിലായതിനാലും പാർട്ടി നേതൃത്വത്തിന്റെ നിർദേശമുള്ളതിനാലും കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിവാദമായ സ്‌ക്രീൻഷോട്ട് താൻ 200 പേർക്ക് ബ്രോഡ്കാസ്റ്റ് ചെയ്തു എന്നാണ് പൊലീസ് പറയുന്നത്. താൻ ഈ സ്‌ക്രീൻഷോട്ട് അയച്ചതായി തന്റെ ലിസ്റ്റിലുള്ള കോൺഗ്രസുകാരുടെയോ മറ്റാരുടെയെങ്കിലുമോ കൈയിൽ നിന്ന് ചുരുങ്ങിയത് 10 പേർക്കുള്ള തെളിവ് (സ്‌ക്രീൻഷോട്ട്) പുറത്തുവിടാൻ ജിതിൻ വെല്ലുവിളിച്ചു. അങ്ങനെ 10 പേർക്കെങ്കിലും താൻ ഈ സ്‌ക്രീൻഷോട്ട് അയച്ചതിന്റെ തെളിവ് കാണിച്ചുതന്നാൽ, ഇത് ചെയ്തത് താനാണെന്ന് ഉറപ്പിച്ചോളൂ എന്നും ജിതിൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
പോസ്റ്റിന്റെ പൂർണരൂപം
പറയാൻ ഒത്തിരി ഉണ്ട് കേസ് കോടതിയിലാണ്. പറയണ്ടെന്ന് പാർട്ടി നേതൃത്വം പറഞ്ഞതുകൊണ്ട് പറയുന്നില്ല
എന്നാലും ഒന്ന് 200 പേർക്ക് ഞാൻ ബ്രോഡ്കാസ്റ്റ് ചെയ്തു എന്നാണ് പറയുന്നത്. എൻറെ ബ്രോഡ്കാസ്റ്റ് ഗ്രൂപ്പിൽ 250 ഓളം ആളുകളുണ്ട് അതിൽ തിരുവള്ളൂരിലെ അടിയുറച്ച കോൺഗ്രസുകാർ ഉണ്ട്.
ഹരിപ്രസാദ് സി കെ മുതൽ എന്റെ സുഹൃത്ത് അൽ അമീൻ വരെ,
എന്റെ പ്രദേശത്തെ കോൺഗ്രസുകാരുടെ മക്കൾ, കോൺഗ്രസ് ആയിട്ടുള്ള എൻറെ അയൽവക്കമുള്ളവർ ഇവരൊക്കെ ഞാൻ ബ്രോഡ്ക്കാസ്റ്റ് ഉപയോഗിച്ച് പോസ്റ്ററുകളും ഭരണമുള്ളപ്പോൾ വികസന നേട്ടങ്ങളും പ്രതിപക്ഷത്തിന്റെ പൊള്ളത്തരങ്ങളും തുറന്നു കാണിച്ചിട്ടുള്ള ആശയങ്ങൾ പങ്കുവെക്കാറുണ്ട്.
അന്ന് സ്ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ടപ്പോൾ ഞാൻ 200 പേർക്ക് അയച്ചിട്ടുണ്ട് എന്നാണ് പറയുന്നത്.നിങ്ങൾക്ക് സാധിക്കുമെങ്കിൽ എൻറെ സുഹൃത്തുക്കൾ ആയിട്ടുള്ള കോൺഗ്രസുകാരുടെയും മറ്റ് എന്റെ ബ്രോഡ്കാസ്റ്റിൽ ഉള്ള ആരുടെയെങ്കിലും കൈയിൽനിന്ന് 200 പേർക്ക് വേണ്ട ഒരു 10 പേർക്ക് അയച്ചിട്ടുള്ള ഈ പോസ്റ്ററിന്റെ സ്ക്രീൻഷോട്ട് കാണിച്ചു തരാൻ പറ്റുമോ ?
അങ്ങനെ കാണിച്ച് തന്നാൽ ഇത് ചെയ്തത് ഞാനാണ് എന്ന് ഉറപ്പിച്ചോ..