കൊല്ലം: പാര്‍ട്ടി സംഘടനാ രംഗത്ത് നില്‍ക്കുന്ന അംഗങ്ങള്‍ മദ്യപിക്കരുതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ദുശീലമുള്ളവരെ സംരക്ഷിക്കുന്നവരും പാര്‍ട്ടിയിലുണ്ടാകില്ല. സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി ചർച്ച ചെയ്യില്ല. 75 വയസ്സ് കഴിഞ്ഞവരെ പാർട്ടി നേതൃസമിതിയിൽ നിന്ന് മാറ്റുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
പാര്‍ട്ടി സംഘടനാ രംഗത്ത് നില്‍ക്കുന്ന പ്രവർത്തകരായ സഖാക്കൾ മദ്യപിക്കരുത് എന്നാണ് പാർട്ടിയുടെ രാഷ്ട്രീയനിലപാട്. അത് വെറുതെ പറയുന്നതല്ല. തെറ്റ് തിരുത്തൽ പ്രക്രിയയുടെ ഭാഗമായി 2013-ൽ ചേർന്ന കൽക്കത്ത പ്ലീനത്തിൽ പാർട്ടി മെമ്പർമാർ പാലിക്കേണ്ട മൂല്യങ്ങൾ വ്യക്തമാക്കിയതാണ്. മദ്യപിക്കാൻ പാടില്ല എന്ന നിലപാട് അന്ന് പറഞ്ഞതാണ്. മദ്യപാനശീലം ഒഴിവാക്കാനുള്ള ചർച്ചയും നിലപാടും സ്വീകരിച്ച് മുന്നോട്ട് പോകണം എന്ന് അന്നേ വ്യക്തമാക്കിയതാണ്. അങ്ങിനെയുള്ള ദുശീലമുള്ളവരെ സംരക്ഷിക്കുന്നവരും കുറ്റകരമായ നിലയാണ് സ്വീകരിക്കുന്നതെന്നും വിശദീകരിച്ചിട്ടുണ്ട്.