വടകര: 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സിപിഎം ജില്ലാ സമ്മേളനത്തിന് വടകരയിൽ തുടക്കം. പ്രതിനിധി സമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ പൊളിറ്റ്ബ്യൂറോ അംഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മൂന്നുദിവസത്തെ സമ്മേളനത്തിൽ തെരഞ്ഞെടുത്ത 439 പേരുൾപ്പെടെ അഞ്ഞൂറിലേറെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ. പി ജയരാജൻ, പി. കെ ശ്രീമതി, എ. കെ ബാലൻ, എളമരം കരീം, പി. സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ടി പി രാമകൃഷ്ണൻ, ആനാവൂർ നാഗപ്പൻ, പുത്തലത്ത് ദിനേശൻ, പി.എ മുഹമ്മദ് റിയാസ്, പി.കെ ബിജു എന്നിവരും പങ്കെടുക്കുന്നുണ്ട്.
അര ലക്ഷം പേരുടെ റാലിയോടെ സമ്മേളനം 31ന് വൈകിട്ട് സമാപിക്കും. വൈകിട്ട് നാലിന് 25,000 റെഡ് വളന്റിയർമാർ അണിനിരക്കുന്ന മാർച്ച് ആരംഭിക്കും. സീതാറാം യെച്ചൂരി നഗറിൽ ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.