ആയഞ്ചേരി: അനുദിനം പുരോഗമിക്കുന്ന ആയഞ്ചേരി ടൗണിൽ ദിനേനയെത്തുന്ന നൂറു കണക്കിന് യാത്രക്കാർക്ക് പ്രാഥമികാവശ്യത്തിന് പോലും സൗകര്യമേർപ്പെടുത്താൻ സാധിക്കാത്ത ഗ്രാമപഞ്ചായത്ത് അധികൃതർ തികഞ്ഞ പരാജയമാണെന്നും ഭരണ കാലാവധി കഴിയുന്നതിന് മുമ്പ് ടൗണിലെത്തുന്ന സ്ത്രീയാത്രക്കാരടക്കമുള്ളവർക്കായി ടൗണിൽ ശൗചാലയവും വിശ്രമ കേന്ദ്രവും നിർമ്മിക്കാൻ ഭരണസമിതി അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആയഞ്ചേരി മണ്ഡലം കോൺഗ്രസ് എസ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.
വർഷങ്ങൾക്ക് മുമ്പ് മത്തായി ചാക്കോ എം എൽ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബസ് സ്റ്റാൻ്റ് ഇന്നും ഉപയോഗ്യശൂന്യമായി കിടക്കുന്നതും സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറുന്നതും പഞ്ചായത്ത് ഭരണ സമിതിയുടെ കൊള്ളരുതായ്മയാണെന്ന് യോഗം കുറ്റപ്പെടുത്തി. ആയഞ്ചേരി ടൗണിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ ഇനിയും അമാന്തം കാണിച്ചാൽ ഭരണ സമിതിക്കെതിരെ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്കി. മണ്ഡലം പ്രസിഡണ്ട് കരീം സി കെ ചേറ്റുകൊട്ടി അധ്യക്ഷത വഹിച്ചു. കരീം പിലാക്കി , അഷ്റഫ് ടി.എം എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഫൈസൽ പി.കെ സ്വാഗതവും മുഹമ്മദ് എം.കെ നന്ദിയും പറഞ്ഞു.