ആലപ്പുഴ: അസാധാരണരൂപത്തില്‍ കുഞ്ഞുപിറന്ന സംഭവത്തില്‍ ചികിത്സാവീഴ്ച സമ്മതിച്ച് ആരോഗ്യവകുപ്പ്. കടപ്പുറം വനിത-ശിശു ആശുപത്രിയില്‍ കുഞ്ഞിന്റെ മാതാവിന് ആദ്യ മൂന്നുമാസം നല്‍കിയ പ്രസവചികിത്സ തൃപ്തികരമല്ലെന്നും അപകടസാധ്യത സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതില്‍ രണ്ടു ഗൈനക്കോളജിസ്റ്റുമാരും പരാജയപ്പെട്ടെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പുസഹിതം അഡീഷണല്‍ ചീഫ് സെക്രട്ടറിക്കുവേണ്ടി ഡെപ്യൂട്ടി സെക്രട്ടറി നല്‍കിയ മറുപടിയിലാണ് ഈ വിവരം.
ചികിത്സയില്‍ പിഴവുവരുത്തിയ ഡോ. സി.വി. പുഷ്പകുമാരി, ഡോ.കെ.ഐ. ഷെര്‍ലി എന്നിവര്‍ക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ശുപാര്‍ശചെയ്തു. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിച്ചുവരുകയാണെന്നും മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗര്‍ഭിണികള്‍ക്കു നല്‍കുന്ന ചികിത്സയും പരിശോധനയും ശക്തിപ്പെടുത്താനും രോഗികളുമായുള്ള ആശയവിനിമയം കൂട്ടാനും നിര്‍ദേശിച്ചിട്ടുണ്ട്. ആദ്യമൂന്നുമാസം ചികിത്സ തൃപ്തികരമായിരുന്നില്ലെങ്കിലും രണ്ടാമത്തെയും മൂന്നാമത്തെയും ത്രൈമാസ ചികിത്സ മെച്ചപ്പെട്ടതായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അന്വേഷണം നടത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെതിരേ കുഞ്ഞിന്റെ കുടുംബം മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞദിവസം തപാല്‍വഴി മറുപടി നല്‍കിയത്.