വടകര : ദൃഷാനയെന്ന ഒന്‍പതുവയസ്സുകാരിയെ കോമയിലാക്കുകയും അമ്മൂമ്മ ബേബിയുടെ മരണത്തിനിടയാക്കുകയും ചെയ്ത വാഹനാപകടത്തില്‍ കാര്‍ ഓടിച്ച പുറമേരി മീത്തലെ പുനത്തില്‍ ഷെജീലിന് വടകര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കി. ജാമ്യം കിട്ടാവുന്ന വകുപ്പ് പ്രകാരമായിരുന്നു കേസ്.
അപകടത്തിനുശേഷം നിര്‍ത്താതെ പോയ കാര്‍ കണ്ടെത്തിയത് രണ്ടുമാസംമുന്‍പാണ്. യു.എ.ഇ.യിലായിരുന്ന ഷെജീല്‍ കഴിഞ്ഞദിവസം നാട്ടിലേക്കു വരുന്നതിനിടെ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍വെച്ചാണ് അറസ്റ്റിലായത്. ഷെജീല്‍ പിടിയിലായതോടെ കേസില്‍ ഒരാഴ്ചയ്ക്കകം കുറ്റപത്രം നല്‍കാനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച്.ചൊവ്വാഴ്ച രാവിലെ ഷെജീലിനെ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വി.വി. ബെന്നിയുടെ നേതൃത്വത്തില്‍ മൂന്ന് സ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുത്തു. അപകടം നടന്ന ചോറോട്, അപകടശേഷം കാര്‍ അറ്റകുറ്റപ്പണി നടത്തിയ വെള്ളൂരിലെ വര്‍ക്ക്ഷോപ്പ്, ഇന്‍ഷുറന്‍സ് ക്ലെയിമിനുവേണ്ടി കാര്‍ മതിലിലിടിച്ചു എന്നുപറഞ്ഞ് ഫോട്ടോയെടുത്ത സ്ഥലം എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്.ഉച്ചയോടെ വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിലെത്തിച്ചു. രണ്ട് ആള്‍ജാമ്യത്തിലാണ് ഇയാളെ വിട്ടത്.