വടകര: നഷ്ടപെട്ട തന്റെ മൊബൈൽ ഫോണിൽ ഒരാൾ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നു എന്ന പരാതിയുമായി പോലീസിനെ സമീപിച്ച അധ്യാപകന് മൊബൈൽ ഫോൺ വീണ്ടെടുത്ത് നൽകി കോഴിക്കോട് റൂറൽ സൈബർ ക്രൈം പോലീസ്. കായണ്ണ ജി യു പി സ്കൂളിലെ സംസ്‌കൃതം അധ്യാപകൻ ദേവരാജനാണ് തന്റെ നഷ്ടപെട്ട മൊബൈൽ ഫോൺ തിരികെ ലഭിച്ചത്. പോലീസ് അന്വേഷണത്തിൽ ഈ ഫോൺ ഉപയോഗിച്ച് ഇൻസ്റ്റാഗ്രാം ഉപയോഗിച്ചിരുന്നത് കോഴിക്കോട് കാരപറമ്പ് സ്വദേശി ഷഹൻഷാ എന്നയാളാണെന്നും ഇയാൾ വെള്ളയിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയാണെന്നും മനസ്സിലായി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൊബൈൽ ഫോൺ ഇയാളുടെ സുഹൃത്തിന്റെ കൈവശം ആണെന്ന് മനസ്സിലാക്കുകയും ഫോൺ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. ഇൻ സ്‌പെക്ടർ സി. ആർ. രാജേഷ്‌കുമാർ, എസ് സി പി ഓ ഷഫീർ എന്നിവർ ചേർന്ന് സ്റ്റേഷനിൽ വെച്ച് ഫോൺ ഉടമസ്ഥന് തിരികെ നൽകി.