
കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ അശ്ലീല പ്രദർശനവും സ്ത്രീവിരുദ്ധതയും നടത്തുന്നുവെന്ന പരാതിയിൽ യൂട്യൂബറും വ്ലോഗറുമായ, തൊപ്പി എന്ന പേരിലറിയപ്പെടുന്ന മുഹമ്മദ് നിഹാലിനും സംഘത്തിനുമെതിരെ അന്വേഷണം. അഡ്വ.ശ്രീജിത്ത് പെരുമനയുടെ പരാതി പ്രകാരം ഡിജിപി റവാഡ ചന്ദ്രശേഖരനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കേസ് സൈബർ ഓപ്പറേഷൻ എസ്.പി അങ്കിത് അശോകൻ അന്വേഷിക്കുമെന്ന് അറിയിച്ച് പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് തനിക്ക് മെയിൽ വന്നതായി ശ്രീജിത് പെരുമന അറിയിച്ചു.
തൊപ്പിയും സംഘവും പോക്സോ, സമൂഹ മാധ്യമങ്ങളിലൂടെയുള്ള അശ്ശീല പ്രദർശനം, ലഹരി ഉപയോഗം, സൈബർ കുറ്റകൃത്യം, മാനസിക-ശാരിക പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങി വിവിധ കുറ്റങ്ങൾ ചെയ്യുന്നതായി കാണിച്ചാണ് പരാതി നൽകിയത്. ഇവർക്ക് സ്‌കൂൾ ടീനേജ് വിദ്യാർഥികൾക്കിടയിൽ വലിയ സ്വീകാര്യതയുണ്ട്. ഇത്തരക്കാരുടെ ഇടയിലേക്കാണ് തൊപ്പിയുടെ തെറ്റായ വീഡിയോകളും സന്ദേശങ്ങളുമെത്തുന്നതെന്നും വളർന്ന് വരുന്ന തലമുറയെ നശിപ്പിക്കുന്നതാണ് സംഘത്തിന്റെ ഓൺലൈൻ ഉള്ളടക്കങ്ങളെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കുട്ടികൾക്കിടയിലേക്ക് അശ്ലീല ദൃശ്യങ്ങൾ എത്തുന്നു. പെൺകുട്ടികളെയും സ്ത്രീകളെയും ലൈംഗീകമായി ദുരുപയോഗം ചെയ്യുന്നതായും പരാതിയിൽ പറയുന്നുണ്ട്.തൊപ്പിക്ക് പുറമെ ഷംസീർ, മമ്മു, ജാസി തുടങ്ങിയ തൊപ്പിയുടെ സംഘത്തിലെ മറ്റുള്ളവർക്കെതിരെയും പരാതിയുണ്ട്.