പേരാമ്പ്ര: ദേശീയ പതാകയ്ക്കൊപ്പം കയ്യിലെ 100 രൂപ കൂടി ഭദ്രമായി സ്ഥാനാർഥിയെ ഏൽപ്പിച്ച് ദേവകി അമ്മ. പേരാമ്പ്ര മണ്ഡലം പര്യടനത്തിൻ്റെ ഭാഗമായി യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ പന്നിക്കോട്ടൂർ കോളനിയിൽ എത്തിയപ്പോഴാണ് ദേവകി അമ്മ സ്ഥാനാർഥിയുടെ വാഹനം കൈകാണിച്ചു നിർത്തിയത്. ഷാഫിയുടെ അടുത്തേക്ക് വാത്സല്യപൂർവം എത്തിയ അമ്മയെ അദ്ദേഹം കൈകൾ ചേർത്തു പിടിച്ചു.
ഉടൻ കയ്യിൽ കരുതിയ, ഒരു വശത്ത് ദേശീയ പതാകയും മറുവശത്ത് 100 രൂപ നോട്ടുമടങ്ങിയ ഒരു എടിഎം കാർഡിൻ്റെ വലുപ്പത്തിലുള്ള പ്ലാസ്റ്റിക് സഞ്ചി ദേവകി അമ്മ ഷാഫിക്ക് കൈമാറി. സ്നേഹത്തോടെ സ്വീകരിച്ച ഷാഫി പറമ്പിൽ ഇത് സൂക്ഷിച്ചു വെക്കാൻ കൂടെയുള്ളവർക്ക് നിർദേശം നൽകി. മണ്ഡലത്തിൽ ഉടനീളം ഇത്തരത്തിൽ ലഭിക്കുന്ന സ്നേഹവാത്സല്യങ്ങൾ തൻ്റെ കണ്ണു നനയിക്കുന്നതായി ഷാഫി പറമ്പിൽ പറഞ്ഞു.