വടകര: നിപയെ അതിജീവിച്ച അജന്യയെയും കുടുംബത്തെയും സന്ദര്‍ശിച്ച് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ. വൈറസ് ബാധ സമയത്ത് അജന്യ കാണിച്ച ആത്മധൈര്യം മാതൃകാപരമാണെന്ന് ശൈലജ പറഞ്ഞു. ഇത്തവണ ഞങ്ങളെ സ്വീകരിക്കാന്‍ അജന്യയുടെ കൂടെ ഒരു കുഞ്ഞുവാവയും ഉണ്ടായിരുന്നു. നിപയെ അതിജീവിച്ച കരുത്താണ് അജന്യ. വൈറസ് ബാധ സമയത്ത് അജന്യ കാണിച്ച നിശ്ചയദാര്‍ഢ്യവും ആത്മധൈര്യവും മാതൃകാപരമാണെന്നും ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.
കെകെ ശൈലജയുടെ കുറിപ്പ്:
”ഒരു കുടുംബത്തിലുള്ള അസ്വാഭാവിക മരണത്തിന്റെ പിറകെയുള്ള അന്വേഷണമാണ് നിപ വൈറസ് എന്ന ഭീകര വൈറസിനെ കണ്ടെത്തുന്നതിന്റെ തുടക്കം. അപ്പോഴേക്കും നിപ സ്ഥിരീകരിച്ച 18 പേരില്‍ 16 പേരും മരണത്തിന് കീഴടങ്ങിയിരുന്നു. മറ്റുള്ളവരെ ഏതുവിധേനയും രക്ഷപ്പെടുത്തുക എന്നത് സാഹസികമാണെങ്കിലും കൃത്യമായ ഏകീകരണവും കൂട്ടായ പരിശ്രമവും കൊണ്ട് അതിനെ മറികടക്കുകയാണ് ഉണ്ടായത്.”
”അജന്യയ്ക്കും മലപ്പുറം സ്വദേശി ഉബീഷിനും നിപ നെഗറ്റീവ് ആയത് വളരെ ആശ്വാസകരമായെങ്കിലും, നെഗറ്റീവായവരെ എങ്ങനെയാണ് ജനം സ്വീകരിക്കുക എന്നത് ആ സമയത്തുള്ള മറ്റൊരു ആശങ്കയായിരുന്നു. അതിനെ മറികടക്കാന്‍ അജന്യയെ നേരിട്ട് ഹോസ്പിറ്റലില്‍ പോയി കാണുക വഴി അജന്യയില്‍ നിന്ന് ഇനി മറ്റൊരാളിലേക്ക് രോഗം പകരില്ലെന്ന് ഉറപ്പ് പൊതുജനങ്ങള്‍ക്ക് നല്‍കുകയുമായിരുന്നു. അജന്യക്ക് അത് വലിയ ആത്മവിശ്വാസമാണ് നല്‍കിയത് എന്ന് പറഞ്ഞു കേള്‍ക്കുമ്പോള്‍ ഏറെ സന്തോഷം തോന്നി. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അജന്യയെ കണ്ടിരുന്നു. ഇത്തവണ ഞങ്ങളെ സ്വീകരിക്കാന്‍ അജന്യയുടെ കൂടെ ഒരു കുഞ്ഞുവാവയും ഉണ്ടായിരുന്നു. നിപയെ അതിജീവിച്ച കരുത്താണ് അജന്യ. വൈറസ് ബാധ സമയത്ത് അജന്യ കാണിച്ച നിശ്ചയദാര്‍ഢ്യവും ആത്മധൈര്യവും മാതൃകാപരമാണ്.”