പേരാമ്പ്ര: ഉള്ളിയേരിയില്‍ കാര്‍ യാത്രക്കാരനെ മര്‍ദിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കുറ്റ്യാടി സ്വദേശി ഇജാസാണ് പിടിയിലായത്. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് ഇജാസിനെ അറസ്റ്റ് ചെയ്തത്. ബസ് ജീവനക്കാര്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. ബസിലെ കണ്ടക്ടര്‍ അടക്കം മറ്റു രണ്ടു പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്. സ്വകാര്യ ബസ് രാവിലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കോഴിക്കോട് – കുറ്റ്യാടി റൂട്ടില്‍ സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ഉള്ളിയേരി കാഞ്ഞിക്കാവ് കാഞ്ഞിരത്തിങ്കൽ ബിപിൻ ലാലിനെ തിങ്കളാഴ്ച വൈകിട്ട് 7 മണിയോടെ മർദിച്ചത്. ഇജാസ്, കാര്‍ ഓടിക്കുകയായിരുന്ന ബിപിൻ ലാലിന്റെ മുഖത്തടിക്കുകയും നെഞ്ചില്‍ ചവിട്ടുകയും ചെയ്തു.
കോഴിക്കോട് ഡോക്ടറെ കണ്ടു ഉള്ളിയേരിയിലെ വീട്ടിലേക്കു ബന്ധുവിനൊപ്പം കാറിൽ മടങ്ങുകയായിരുന്നു ബിപിൻ ലാൽ. അത്തോളി പൊലീസ് സ്റ്റേഷന് അൽപം അകലെയായി ബസ് കാറിനെ അപകടകരമാം വിധം മറികടന്നു. ബിപിൻ ലാൽ കാർ വെട്ടിച്ചു മാറ്റിയതിനാൽ അപകടം ഒഴിവായി. പിന്നീട് പൊലീസ് സ്റ്റേഷനു മുന്നിൽ ബസ് നിർത്തിയപ്പോൾ ബിപിൻ ലാൽ കാർ നിർത്തി ഇതു സംബന്ധിച്ച് ബസ് ജീവനക്കാരോട് ചോദിക്കുകയും യാത്ര തുടരുകയും ചെയ്തു.
ഉള്ളിയേരി അങ്ങാടിക്കു സമീപം ഗതാഗത തടസ്സം നേരിട്ടപ്പോൾ ബസ് കാറിനു സമീപം നിർത്തി, കണ്ടക്ടറും ഡ്രൈവറും മറ്റു 2 പേരും വന്നു കാറിന്റെ ഡോർ വലിച്ചു തുറന്ന് അകത്തിരിക്കുന്ന ബിപിൻ ലാലിനെ മർദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. ഡ്രൈവർ ആക്രോശിച്ചു കൊണ്ട് നെഞ്ചിൽ ചവിട്ടുകയും എന്തോ വസ്തു തുണിയിൽ പൊതിഞ്ഞ് അതു വച്ചു മൂക്കിൽ ഇടിക്കുകയും ചെയ്തു. മൂക്കിൽ നിന്നു രക്തം ഒഴുകാൻ തുടങ്ങിയപ്പോൾ കാറിൽ നിന്നിറങ്ങിയ ബിപിൻ ലാലിനെ വീണ്ടും മർദിച്ചാണ് ബസ് ജീവനക്കാർ പോയത്.