പേരാമ്പ്ര : മംഗളൂരുവിനുസമീപം തീവണ്ടിയിൽ നിന്ന് സ്വർണാഭരണവുമായി കടന്നയാളെ വലയിലാക്കിയത് ഉഡുപ്പിയിലെ ആർ.പി.എഫ്. ഉദ്യോഗസ്ഥൻ പേരാമ്പ്ര പാലേരിയിലെ വി.വി. ശ്രീകാന്തിന്റെ തന്ത്രപരമായ ഇടപെടലിലൂടെ. ഡൽഹി സ്വദേശിയായ സണ്ണി മൽഹോത്രയാണ് അറസ്റ്റിലായത്. മുംബൈ ബാദ്രയിൽ താമസിക്കുന്ന ഷോർണൂർ സ്വദേശികളായ ദമ്പതിമാരുടെ ഏഴുലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളടങ്ങിയ ബാഗെടുത്തയാൾ തീവണ്ടിയിൽ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. നേത്രാവതി എക്സ്‌പ്രസിലെ എസ് ഏഴ് കോച്ചിലായിരുന്നു യാത്രികർ. ബുധനാഴ്ച രാത്രി കൊങ്കൺ റെയിൽവേയിൽ മംഗളൂരുവിന് സമീപം തൊക്കൂർ സ്റ്റേഷനിൽ തീവണ്ടിയെത്തിയപ്പോഴാണ് സംഭവം. നാട്ടിൽ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ദമ്പതിമാർ. സ്റ്റേഷനിൽ സിഗ്നൽ കിട്ടാൻ നിർത്തിയിട്ടിരുന്ന തിരുനെൽവേലി ദാദർ എക്സ്‌പ്രസിന്റെ ജനറൽ കോച്ചിൽ കയറിയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. വിവരമറിഞ്ഞ് ഉഡുപ്പി സ്റ്റേഷനിൽ പരിശോധന നടത്തിയ ശ്രീകാന്ത്, തിരുനെൽവേലി ദാദർ എക്സ്‌പ്രസിൽ യാത്രചെയ്തിരുന്ന വ്യക്തി സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ പുകവലിക്കുന്നതുകണ്ടു. കാലിലും ചെരിപ്പിലും ചെളിയുമുണ്ടായിരുന്നു.
ടിക്കറ്റ് ചോദിച്ചപ്പോൾ ടിക്കറ്റ് എടുക്കുന്ന സമയത്ത് ഏഴ് 500 രൂപ നോട്ടും കണ്ടു. ബാഗിൽ ഏഴ് 500 രൂപ നോട്ടുണ്ടായിരുന്നുവെന്ന് സ്വർണം നഷ്ടപ്പെട്ടവർ നേരത്തേയറിയിച്ചിരുന്നു. ടിക്കറ്റ് വാങ്ങിയ സമയം രാത്രി ഒമ്പതുമണിയായിരുന്നു. ഇതെല്ലാം കണ്ടപ്പോൾ സംശയം തോന്നിയ ശ്രീകാന്ത്, സിഗരറ്റ് വലിച്ചതിന് ഫൈൻ അടയ്ക്കണമെന്നുപറഞ്ഞ് മോഷ്ടാവിനെ സ്റ്റേഷനിലെത്തിച്ചു.ദേഹപരിശോധന നടത്തിയപ്പോൾ മോഷണം പോയ ആഭരണങ്ങൾ കഴുത്തിലണിഞ്ഞ് ഷാൾകൊണ്ട് മറച്ചതായി കണ്ടെത്തി. ബാഗും സ്വർണമല്ലെന്നുകരുതി അതിലെ കരിമണിമാലയും തൊക്കൂർ സ്റ്റേഷൻപരിസരത്ത് ഉപേക്ഷിച്ചിരുന്നു. പാലേരി വഞ്ചിവയലിൽ പരേതനായ ശ്രീധരക്കുറുപ്പിന്റെയും കാർത്യായനി അമ്മയുടെയും മകനാണ് ശ്രീകാന്ത്.