പേരാമ്പ്ര: ഓൺലൈൻ പഠനത്തിലൂടെ ചാക്യാർകൂത്ത് സ്വായത്തമാക്കി സംസ്ഥാന തലത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ എഗ്രേഡ് സ്വന്തമാക്കിയ സഞ്ജയ് സന്തോഷ് ഇത്തവണ ഹയർസെക്കൻഡറി തലത്തിൽ കോഴിക്കോടിനായി മത്സരിക്കും. ചാക്യാർ കൂത്തിൽ സഞ്ജയ് ഒന്നാം സ്ഥാനവും എ ഗ്രേഡുമാണ് സ്വന്തമാക്കിയത്. ജില്ലയിൽ ഹൈസ്കൂൾ വിഭാഗത്തിലെ നേട്ടം ഹയർ സെക്കൻഡറി വിഭാഗത്തിലും തുടർന്ന സഞ്ജയ്ക്കത് സംസ്ഥാന കലോത്സവത്തിലും അവർത്തിക്കണം. യുട്യൂബിനെ ഗുരുവായി സ്വീകരിച്ച് പഠനം തുടങ്ങിയ സഞ്ജയ് ഇന്ന് നാട്ടിൽ അറിയപ്പെടുന്ന ചാക്യാർകൂത്ത് കലാകാരനാണ്. വേദികളൊക്കെ ലഭിക്കുന്നുണ്ട്. കഴിഞ്ഞ തവണ ജില്ല കലോത്സവത്തിലെ വിജയത്തിന് ശേഷം പൈങ്കുളം നാരായണ ചാക്യാരാണ് ഇപ്പോൾ സഞ്ജയുടെ കഴിവ് തേച്ച് മിനുക്കുന്നത്. കൊടുവള്ളി എളേറ്റിൽ എം.ജെ എച്ച്.എസ്.എസ് സ്‌കൂൾ വിദ്യാർത്ഥിയാണ് സഞ്ജയ്. സ്കൂളിലെ അദ്ധ്യാപകരാണ് അവന്റെ നേട്ടങ്ങൾക്ക് പിന്നിലെ കരുത്ത്. അച്ഛൻ സന്തോഷും അമ്മ സവിതയും മകന്റെ നേട്ടത്തിൽ ഏറെ അഭിമാനത്തിലാണ്.