പത്തനംതിട്ട: ആരോഗ്യവകുപ്പിനെ വെട്ടിലാക്കി മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവന. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയപ്പോഴാണ് താന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. സ്വകാര്യ ആശുപത്രിയില്‍ മന്ത്രിമാര്‍ ചികിത്സ തേടുന്നത് പുതുമയല്ലെന്ന ന്യായീകരണത്തിനിടെ ആയിരുന്നു മന്ത്രി ഇങ്ങനെ പറഞ്ഞത്.
സ്വകാര്യ ആശുപത്രിയില്‍ മന്ത്രിമാരും പോകും. സാധാരണക്കാരും പോകും. അല്ലാത്തവരും പോകും. ഞാന്‍ പോയത് മെഡിക്കല്‍ കോളേജിലാണ്. കുഴപ്പമൊന്നും സംഭവിച്ചില്ല. ചിലര്‍ സ്വകാര്യ ആശുപത്രിയില്‍ പോകും. 2019-ല്‍ ഡെങ്കിപ്പനി വന്നപ്പോള്‍ ഞാന്‍ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു പോയത്. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ കൊണ്ട് മരിക്കാന്‍ സാധ്യത വന്നപ്പോള്‍ എന്നെ അമൃത ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശുപാര്‍ശ ചെയ്തു. എന്നെ അമൃതയില്‍ കൊണ്ടുപോയി. അവിടെ ചെന്നപ്പോള്‍ 14 ദിവസം ബോധമില്ലായിരുന്നു. ഞാന്‍ രക്ഷപ്പെട്ടു. അപ്പോള്‍ അമൃത ആശുപത്രി മോശമാണോ. അതൊക്കെ ഈ നാട്ടില്‍ വ്യവസ്ഥാപിതമായ കാര്യങ്ങളാണ്, എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.
കൂടുതല്‍ സാങ്കേതിക വിദ്യകളുള്ള സ്വകാര്യ ആശുപത്രികളുണ്ട്. അത്രയും ചിലപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വന്നുകാണില്ല. കാരണം കൂടുതല്‍ ആളുകള്‍ വരുന്ന സ്ഥാപനമെന്ന നിലയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ അതിന്റെ ടെക്‌നോളജികളും സാമ്പത്തികമായ സഹായങ്ങളും കുറവായിരിക്കും. ഒരു സ്വകാര്യ ആശുപത്രിയില്‍ കൂടുതല്‍ ടെക്‌നോളജി വരും. അപ്പോള്‍ കൂടുതല്‍ ചികിത്സ അവിടെകിട്ടും. അപ്പോള്‍ അങ്ങോട്ടു പോകണമെന്നും സജി ചെറിയാന്‍ പറഞ്ഞു.