പേരാമ്പ്ര: മുഖ്യമന്ത്രി പിണറായി വിജയനു നേരെ പേരാമ്പ്രയിൽ കരിങ്കൊടി. യൂത്ത് ലീഗ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. ബൈപാസ് റോഡിന്റെ ഉദ്ഘാടനം കഴിഞ്ഞു വടകര ഭാഗത്തേക്ക് പോവുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ ചാനിയംകടവ് റോഡിൽ ചേനായി റോഡ് ജംക്‌ഷനു സമീപം വച്ചാണ് യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ആളൊഴിഞ്ഞ ഭാഗത്ത് റോഡരികിൽ നിന്ന് ഇവർ കറുത്ത ഷർട്ട് ഊരി വീശി കാണിക്കുകയായിരുന്നു. മുഖ്യമന്ത്രിയും അകമ്പടി വാഹനങ്ങളും കടന്നു പോവുകയും ചെയ്തു. സംഭവത്തിൽ യൂത്ത് ലീഗ് പ്രവർത്തകരായ നിയാസ് കക്കാട്, ദിൽഷാദ് ഈസ്റ്റ് പേരാമ്പ്ര, ഹാഫിസ് പേരാമ്പ്ര, സൽമാൻ വാല്യക്കോട് എന്നിവരുടെ പേരിൽ പൊലീസ് കേസെടുത്തു.