അത്തോളി: ഉള്ളിയേരിയിൽ കാർ യാത്രക്കാരനെ മർദിച്ച കേസിൽ ഒളിവിലായിരുന്ന ബസ് കണ്ടക്ടർ അറസ്റ്റിൽ. പെരുവണ്ണാമുഴി പൂവാറമ്മൽ വീട്ടിൽ റിജിലിനെ (31) ആണ് അത്തോളി എസ്ഐ ആർ.രാജീവും സംഘവും അറസ്റ്റ് ചെയ്തത്. കുറ്റ്യാടി –കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന എടത്തിൽ ബസിലെ കണ്ടക്ടറാണ് റിജിൽ.
ബസ് ഡ്രൈവർ പാലേരി ചെറിയകുമ്പളം എടവലത്ത് വീട്ടിൽ മുഹമ്മദ് ഇജാസി (27) നെ ഡിസംബർ 27 ന് അറസ്റ്റ് ചെയ്തിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടക്ടറും പിടിയിലായത്. ഡിസംബർ 25ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ഉള്ളിയേരി കാഞ്ഞിക്കാവ് കാഞ്ഞിരത്തിങ്കൽ ബിപിൻലാലിനാണ് (43) മർദനമേറ്റത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. രണ്ട് പേരുടെയും ലൈസൻസ് റദ്ദാക്കിയിരുന്നു. സംഭവത്തിൽ ഇനിയും 2 പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.