പേരാമ്പ്ര: കായിക മേഖലയുടെ വികസനത്തിനായി മുന്തിയ പരിഗണ നല്‍കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. മലയോര കര്‍ഷകരുടെ പ്രയാസങ്ങളിലും ദുരിതങ്ങളിലും നിരന്തരം ശബ്ദമുയര്‍ത്തും. പ്രവാസികള്‍ക്കായി പാര്‍ലമെന്റിനകത്തും പുറത്തും ശബ്ദമുയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്ര നിയോജക മണ്ഡലം പര്യടന പരിപാടിയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍. വര്‍ഗീയതയുടെ രാഷ്ട്രീയവും അഴിമതിയുടെ രാഷ്ട്രീയവും ജനങ്ങൾക്ക് അത്രമേല്‍ മടുത്തിരിക്കുന്നു. ഇരു സര്‍ക്കാരുകള്‍ക്കും എതിരെ അവരുടെ നിലപാടുകള്‍ ശക്തമാണ്. അതാണ് ഈ ആള്‍ക്കൂട്ടങ്ങള്‍ തെളിയിക്കുന്നത്.നമ്മള്‍ പുരോഗതിയെക്കുറിച്ചും നന്മയെക്കുറിച്ചും സംസാരിക്കുമ്പോഴും നാട്ടില്‍ ബോംബ് പൊട്ടി ആളുകള്‍ മരിക്കുന്നു. ജനാധിപത്യത്തില്‍ ബോംബിന് ഒരു സ്ഥാനവുമില്ലെന്ന് ബോംബുണ്ടാക്കാന്‍ ആഹ്വാനം ചെയ്യുന്ന നേതാക്കളും അത് ശിരസാവഹിച്ച് നിര്‍മാണത്തിനിറങ്ങുന്ന ചെറുപ്പക്കാരും ആലോചിക്കണം. ആളുകളെ കൊല്ലാമെന്നല്ലാതെ ബോംബിന് മറ്റൊരു ഗുണവുമില്ല.
പാനൂരിലെ ബോംബ് എന്തിന് ഉണ്ടാക്കി എന്ന് നിങ്ങള്‍ ആലോചിക്കുക. അത് കൈയിലിരുന്നു പൊട്ടിയില്ലായിരുന്നെങ്കില്‍ ആര്‍ക്കൊക്കെ പരുക്കേല്‍ക്കുമായിരുന്നു, ആരൊക്കെ മരിക്കുമായിരുന്നു എന്ന് ആലോചിക്കുക. ഏതെങ്കിലും അമ്മയോ ഉമ്മയോ അവരുടെ മക്കള്‍ ബോംബ് പൊട്ടി പരുക്കേല്‍ക്കണമെന്ന് ആഗ്രഹിക്കുമോ? ഏതെങ്കിലും അമ്മയോ ഉമ്മയോ എതിര്‍പാര്‍ട്ടിക്കാരന്‍ ബോംബുപൊട്ടി പരുക്കേല്‍ക്കട്ടെയെന്ന് ആഗ്രഹിക്കുമോ? ഷാഫി പറമ്പില്‍ ചോദിച്ചു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി കുറെപ്പേര്‍ പോസ്റ്ററൊട്ടിക്കുന്നു, വേറെ കുറെ പേര്‍ ബാനര്‍ കെട്ടുന്നു. മറ്റു ചിലര്‍ ബോംബുണ്ടാക്കുന്നു. അപ്പോള്‍ പോസ്റ്ററൊട്ടിച്ചവന്റെയും ബാനര്‍ കെട്ടിയവന്റെയും അധ്വാനം വെറുതെയല്ലേ? ബോംബിനെക്കാളും വോട്ടിനെക്കാളും വെട്ടിനെക്കാളും കരുത്ത് വോട്ടിനാണെന്ന് തിരിച്ചിറിയണം. അതുമാത്രമാണ് ബോംബിന്റെ രാഷ്ട്രീയം കുഴിച്ചുമൂടാനുള്ള ഒരേയൊരു വഴിയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
സിപിഎം വിട്ട് കോണ്‍ഗ്രസില്‍ എത്തിയ അലി താഴെഎരോത്തിനെ ചെറിയകുമ്പളത്തുവെച്ച് ഷാഫി പറമ്പില്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പന്തിരിക്കര, മുതുകാട്, ചക്കിട്ടപ്പാറ, വിളയാട്ടുകണ്ടിമുക്ക്, കുണ്ടുംകര മുക്ക്, ആവള, മുയിപ്പോത്ത്, കീഴ്പയ്യൂര്‍ പള്ളി, മണികല്ലുംപുറം, പയ്യോളി അങ്ങാടി, കീഴരിയൂര്‍ സെന്റര്‍, നമ്പ്രത്തുകര, ഊരള്ളൂര്‍, കുരുടിവീട്മുക്ക്, നരക്കോട്, കല്‍പ്പത്തൂര്‍ വായനശാല, ചാലിക്കര, പുറ്റംപൊയില്‍ എന്നിവിടങ്ങളില്‍ ആയിരുന്നു പര്യടനം.