പേരാമ്പ്ര: ഭിന്നശേഷിക്കാരി യുവതിയെ പീഡിപ്പിച്ച കേസില്‍ മൂന്നുവര്‍ഷത്തിനുശേഷം പ്രതി പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ അച്ഛന് പരാതിവന്നദിവസത്തെ പീഡനത്തില്‍ പങ്കില്ലെന്നും വ്യക്തമായി. 2020-ല്‍ പെരുവണ്ണാമൂഴി പോലീസെടുത്ത കേസിലാണ് നാടകീയമായ വഴിത്തിരിവ്. യുവതിയുടെ അച്ഛനുപുറമേ മറ്റൊരാള്‍കൂടി പ്രതിയാണെന്ന് ഡി.എന്‍.എ. പരിശോധനയിലാണ് തെളിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തുടരന്വേഷണത്തില്‍ പന്തിരിക്കര ആവടുക്ക സ്വദേശി വടക്കേ തയ്യില്‍ പ്രണവ് ലാലാണ് (31) പ്രതിയെന്ന് കണ്ടെത്തി. പെരുവണ്ണാമൂഴി പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പേരാമ്പ്ര മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
യുവതിയുടെ അച്ഛന്‍ നേരത്തെ പെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെങ്കിലും പരാതിക്കിടയാക്കിയ ദിവസത്തെ സംഭവത്തില്‍ പ്രണവാണ് പ്രതിയെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് പോലീസ് പറഞ്ഞു. ബുദ്ധിപരിമിതിയുള്ള 20-കാരിയെ രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 2020 ഒക്ടോബറിലായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ ഒരുപവന്റെ മാലയും മോഷ്ടിച്ചിരുന്നു. സംഭവസ്ഥലത്തുനിന്ന് ഫൊറന്‍സിക് ഓഫീസര്‍ ശേഖരിച്ച ശാസ്ത്രീയതെളിവുകളാണ് യഥാര്‍ഥപ്രതിയെ അറസ്റ്റുചെയ്യുന്നതില്‍ നിര്‍ണായകമായത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ചോദ്യംചെയ്തവരുടെ മുടിയുടെ സാംപിളുകള്‍ പോലീസ് ശേഖരിച്ചിരുന്നു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച മുടിയുമായി ഡി.എന്‍.എ. പരിശോധന നടത്തിയപ്പോള്‍ പ്രണവിന്റേതാണെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു.
വീട്ടില്‍ ഒരാള്‍ കടന്നുകയറി മാല മോഷ്ടിച്ചുവെന്ന് യുവതിയുടെ അച്ഛന്‍തന്നെയാണ് ആദ്യം പോലീസിനെ അറിയിച്ചത്. ഒരാളെ കണ്ടെന്നും അയാള്‍ വീടിന്റെ മുകള്‍നിലയിലേക്ക് കയറി പിന്നീട് രക്ഷപ്പെട്ടുവെന്നുമാണ് അച്ഛന്‍ പറഞ്ഞത്. പോലീസ് വീട്ടിലെത്തി അന്വേഷണം തുടങ്ങിയപ്പോള്‍ കുട്ടിയുടെ ചുണ്ടില്‍ മുറിവുള്ളതായിക്കണ്ടു. ഇതേപറ്റി കൂടുതല്‍ തിരക്കിയപ്പോള്‍ രാവിലെ വസ്ത്രങ്ങളില്ലാത്തനിലയിലാണ് പെണ്‍കുട്ടിയുണ്ടായിരുന്നതെന്നും വ്യക്തമായി. പോലീസ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയും നടത്തി. ലൈംഗികപീഡനം നടന്നുവെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്.
ആദ്യം മറ്റുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നീങ്ങിയെങ്കിലും പിന്നീട് അച്ഛന്‍തന്നെയാണ് പീഡനം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ് എത്തിയത്. റിമാന്‍ഡിലായിരുന്ന അച്ഛന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. 2023 ഏപ്രില്‍ മാസം പന്തിരിക്കരയില്‍ നടന്ന അടിപിടിക്കേസിലും ഉള്‍പ്പെട്ടയാളാണ് പ്രതി പ്രണവ്. ഈ കേസില്‍ ദീര്‍ഘനാളായി ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. പ്രതിയെ കണ്ടെത്താനായി പെരുവണ്ണാമൂഴി പോലീസ് ഇന്‍സ്‌പെക്ടര്‍ കെ. സുഷീര്‍, എസ്.ഐ. ആര്‍.സി. ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. പേരാമ്പ്ര ഡിവൈ.എസ്.പി. കുഞ്ഞിമോയിന്‍കുട്ടിയുടെ കീഴിലുള്ള ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് പ്രതി പിടിയിലായത്.