പേരാമ്പ്ര : പൈതോത്ത് സ്വദേശിയായ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് റോഡിൽതള്ളിയ സംഘത്തിലെ രണ്ട് കൊല്ലംസ്വദേശികളെ അറസ്റ്റുചെയ്തു. കൊല്ലം കരുനാഗപ്പള്ളി തഴവ ചിറ്റക്കാട്ട് പടിയത്തിൽ നിയാസ് (30), മൈനാഗപ്പള്ളി ടി.എസ്. നിവാസിൽ സെയ്ദ് മുഹമ്മദ് അൽ കഹാർ (32) എന്നിവരെയാണ് പേരാമ്പ്ര സി.ഐ. ബിനുതോമസ് അറസ്റ്റുചെയ്തത്. വധശ്രമത്തിനാണ് കേസ്. കേസിലെ മറ്റു പ്രതികളായ കൊല്ലംസ്വദേശി ഖലീഫയെ (മുസ്തഫ)യും ബന്ധുവായ അമലിനെയും പിടികൂടാനുണ്ട്. മുസ്തഫയും ജിനീഷിന്റെ പേരാമ്പ്ര സ്വദേശിയായ സുഹൃത്തും തമ്മിൽ വിദേശത്ത് തടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് പ്രശ്നമുണ്ടായതെന്ന് പോലീസ് പറഞ്ഞു. 35 ലക്ഷം രൂപയുടെ ഇടപാടുണ്ടായിരുന്നെന്നാണ് പിടിയിലായവരിൽനിന്ന് ലഭിച്ച വിവരം.
23-ന് വൈകീട്ടാണ് പൈതോത്ത് വളയംകണ്ടം താനിയോട്ടിൽ ജിനീഷ് (32) ആക്രമിക്കപ്പെട്ടത്. ജിനീഷിന്റെ സുഹൃത്തിനെ തിരഞ്ഞാണ് അക്രമിസംഘം പേരാമ്പ്രയിൽ എത്തിയത്. ഇയാളെ കാണാൻ കഴിഞ്ഞില്ല. ഉച്ചയ്ക്ക് രണ്ടോടെ പേരാമ്പ്രയിലെ ബാറിൽവെച്ച് ജിനീഷിനെ കണ്ടുമുട്ടി. സുഹൃത്തിനെ കാണിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ജിനീഷ് തയ്യാറായില്ല. തുടർന്ന് താമസിക്കാൻ ലോഡ്ജിൽ മുറിയെടുത്ത് നൽകണമെന്ന് പറഞ്ഞ് ജിനീഷിനെ പയ്യോളി ഭാഗത്തേക്ക് കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. കാറിൽവെച്ച് ബിയർകുപ്പിയും ഗ്ലാസും ഉപയോഗിച്ച് ജിനീഷിനെ തലയ്ക്കും വാരിയെല്ലിനും അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.
മർദനത്തിനുശേഷം പയ്യോളിക്ക് സമീപം കാറിൽനിന്ന് റോഡിലേക്ക് തള്ളിയിടുകയായിരുന്നു. പ്രതികൾ പിന്തുടരുന്നുണ്ടെന്ന് ഭയന്ന ജിനീഷ് റോഡിലൂടെ ഓടി തളർന്നുവീഴുകയായിരുന്നു. സി.സി.ടി.വി. കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുളള സൂചന ലഭിച്ചത്. റൂറൽ എസ്.പി. കറുപ്പസാമി ഇടപെട്ട് മറ്റു ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലേക്ക് ഉടൻ വിവരം കൈമാറി. തുടർന്ന് ആലപ്പുഴ പോലീസിന്റെ സഹായത്തോടെയാണ് പേരാമ്പ്ര പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
എസ്.ഐ.മാരായ കെ. സുജിലേഷ്, ജിതിൻദാസ്, എസ്.സി.പി.ഒ. സി.എം. സുനിൽകുമാർ, റിയാസ്, സി.പി.ഒ.മാരായ ജോജോ ജോസഫ്, കെ. ബൈജു, ജയ് കിഷോർ, സക്കീർ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. മുസ്തഫയുടെ കാറും കസ്റ്റഡിയലെടുത്തു. പ്രതികളെ ബാറിലും സാധനങ്ങൾ വാങ്ങാൻ കയറിയ പേരാമ്പ്രയിലെ കടകളിലും ബസ് സ്റ്റാൻഡിലുമെത്തിച്ച് തെളിവെടുത്തു.