പേരാമ്പ്ര: കണ്ണിൽ അസ്സഹനീയമായ വേദനയും അസ്വസ്ഥതയുമായെത്തിയ രോഗിയുടെ കണ്ണിൽനിന്ന് ഡൈറോ ഫൈലേറിയ എന്ന വിരയെ പുറത്തെടുത്തു. പേരാമ്പ്ര സൈമൺസ് കണ്ണാശുപത്രിയിലാണ് കൂത്താളി സ്വദേശിയായ 46-കാരന് ശസ്ത്രക്രിയ നടത്തിയത്. ഡോ. സയ്യിദ് ആദിൽ ഹസ്സൻ, ഡോ. ബിന്ദു ജോർജ്, ഡോ. ഹസനുൽ ബന്ന എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.
പ്രളയത്തിനുശേഷം വിവിധസ്ഥലങ്ങളിൽ ഈ വിരബാധ (ഡൈറോ ഫൈലേറിയാസിസ്) റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തേ വളരെ അപൂർവമായിട്ടാണ് മനുഷ്യരിൽ കണ്ടെത്തിയിരുന്നത്. ഡൈറോ ഫൈലേറിയാസിസ് കണ്ണുകളെ ബാധിച്ചാൽ കണ്ണുകൾ ചുവക്കുകയും തടിക്കുകയും ചെയ്യും. കണ്ണ്, മൂക്ക്, വായ, മുഖം, മസിലുകൾ എന്നിവിടങ്ങളിലാണ് സാധാരണയായി ഈ രോഗാവസ്ഥ കാണാറുള്ളത്.