പേരാമ്പ്ര: ജില്ലയിലെ മുതിർന്ന കമ്മ്യൂണിസ്റ്റും ആർ എം പി.ഐ നേതാവും നടുവണ്ണൂർ മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന കെ.കെ. മാധവൻ്റെ നിര്യാണത്തിൽ ആർ.എം.പി.ഐ സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.1956 ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി അംഗമാവുകയും 1964 ൽ സി.പി ഐ എം നൊപ്പം നിന്ന് ദീർഘകാലം തൊഴിലാളിവർഗ പ്പോരാട്ടം നടത്തി മാതൃകയുമായ കമ്യൂണിസ്റ്റായിരുന്നു കെ.കെ. മാധവനെന്ന് ആർഎം.പി ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു പറഞ്ഞു.
മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിൻ്റെയും കളങ്കമേശാത്ത വിശുദ്ധിയുടെയും പൊതു പ്രവർത്തന മാതൃകയായിരുന്നു മാധവൻ്റേത്. 1958 ൽ ദേശാഭിമാനി ഏജൻ്റും വിതരണക്കാരനും പിന്നീട് ഏരിയാ ലേഖകനുമായ അദ്ദേഹം നടുവണ്ണൂർ, കാവുംതറ, കരുവണ്ണൂർ ,മന്ദം കാവ് മേഖലകളിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ധീരമായ പങ്കാണ് വഹിച്ചത്. ദീർഘകാലം സി.പി.ഐ എമ്മിൻ്റെ ബാലുശ്ശേരി ഏരിയാ സെക്രട്ടറിയും കർഷക സംഘം ജില്ലാ ജോയിൻ്റ് സെക്രട്ടറിയുമായി. നടുവണ്ണൂർ പഞ്ചായത്ത് പ്രസിഡണ്ടും ആദ്യ ജില്ലാ കൗൺസിൽ അംഗവുമായി. അങ്ങനെ നാടിൻ്റെ പൊതു പ്രവർത്തന മേഖലയെ അദ്ദേഹം സ്വന്തം കർമ മണ്ഡലമാക്കി. കാലക്രമേണ സി.പി.ഐ.എമ്മിന് സംഭവിച്ച അപചയങ്ങളെ പാർട്ടിക്കുള്ളിൽ തുറന്നെതിർത്തതിൻ്റെ പേരിൽ അരികിലാക്കപ്പെട്ടയാളായിരുന്നു മാധവൻ.
സ്വന്തം മകളുടെ ഭർത്താവിനെ അരിഞ്ഞു തള്ളിയ പാർട്ടിയെ അദ്ദേഹം പിന്നീട് തള്ളിപ്പറഞ്ഞു. ചന്ദ്രശേഖരൻ്റെ കൊലപാതകത്തിൽ സി.പി.ഐ എമ്മിൻ്റെ ഉന്നത നേതൃത്വത്തിന് പങ്കുണ്ടെന്ന് ഈ ലോകത്തോട് വിളിച്ചു പറഞ്ഞതിന് ശേഷമാണ് 2012 ൽ കെ.കെ. മാധവൻ പാർട്ടി വിട്ടത്. തുടർന്ന് അദ്ദേഹം ആർ.എം.പി.ഐയുടെ സമ്മേളനങ്ങളിലും സമരങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. സ്വന്തം മക്കളെ തികഞ്ഞ കമ്യൂണിസ്റ്റുകാരാക്കി വളർത്തി ലാളിത്യത്തിൻ്റെ ഉത്തമ മാതൃകയായി ജീവിച്ച മാധവൻ്റെ വേർപാട് നാടിന് തീരാ നഷ്ടമാണ്. പ്രലോഭനങ്ങൾക്ക് വഴങ്ങാതെ സി. പി. ഐഎമ്മിൻ്റെ നേതൃ നാടുവാഴികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത മാധവട്ടൻ യഥാർത്ഥ കമ്യൂണിസ്റ്റായി ജീവിച്ച് സ്വന്തം ജീവിതം നാടിൻ്റെ പുരോഗതിക്കായി സമർപ്പിച്ചെന്ന് എൻ വേണു പറഞ്ഞു. അദ്ദേഹത്തിൻ്റെ വേർപാടിൽ ആർഎംപി ഐ സംസ്ഥാന കമ്മിറ്റി ദുഃഖം രേഖപ്പെടുത്തുന്നതായും എൻ.വേണു പറഞ്ഞു.