പേരാമ്പ്ര: എരവട്ടൂരിൽ നിന്ന് ഏഴാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലെ പ്രതിയെ വയനാട്ടിൽ നിന്ന് പേരാമ്പ്ര പോലീസ് പിടികൂടി. കൂത്താളി പാറേമ്മൽ മുഹമ്മദ് അസ്ലമാണ് (28) പിടിയിലായത്. കഴിഞ്ഞ ജൂണിലായിരുന്നു എരട്ടൂർ പെട്രോൾ പമ്പിനു സമീപത്തു നിന്ന് കുട്ടിയെ ബലമായി കാറിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. പെൺകുട്ടി ബഹളംവെച്ചപ്പോൾ പരിസരവാസികൾ ഓടിക്കൂടിയതിനെത്തുടർന്ന് പ്രതി കടന്നുകളയുകയായിരുന്നു. പിന്നീട് വിദേശത്തേക്ക് കടന്ന ഇയാൾ തിരിച്ച് മുംബൈയിൽ എത്തി എറണാകുളം, വയനാട് വഴി കർണാടകയിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടയിൽ വയനാട് ചുണ്ടയിൽ വെച്ച് പോലീസിന്റെ പിടിയിലാവുകയായിരുന്നു. പേരാമ്പ്ര പോലീസ് ഇൻസ്പെക്ടർ ബിനു തോമസിന്റെ നിർദേശപ്രകാരം സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ സുനിൽകുമാർ, ചന്ദ്രൻ എന്നിവർ ചേർന്നാണ് പിടികൂടിയത്. എസ്.ഐ സുജിലേഷിനാണ് അന്വേഷണച്ചുമതല.