പേരാമ്പ്ര : കണ്ണൂർ ജില്ലയിലെ മയ്യിൽനിന്ന് കാണാതായ ട്രാവലർ വാഹനം പേരാമ്പ്രയിൽ എടവരാട് ചേനായിൽ പോലീസ് കണ്ടെത്തി. രണ്ടുമാസം മുമ്പാണ് മയ്യിൽ നാറാത്ത് ശ്രീജിത്തിന്റെ വീട്ടുപറമ്പിൽ നിർത്തിയിട്ട ട്രാവലർ കാണാതായത്. സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽനിന്ന് ശ്രീജിത്ത് ലേലത്തിനെടുത്തതാണ് വാഹനം. മയ്യിൽ പൊലീസ് ഇൻസ്പക്ടർ ടി.പി. സുമേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വാഹനം കടത്തിക്കൊണ്ടുപോയ രണ്ടുപേരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. നാലുപേർകൂടി ഇതിൽ പങ്കാളികളാണെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇവരെ പിടികൂടാനായിട്ടില്ല.
പേരാമ്പ്ര ഡിവൈ.എസ്.പി. എം.സി. കുഞ്ഞിമോയിൻകുട്ടിയുടെ കീഴിലുള്ള പ്രത്യേക സ്ക്വാഡിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് എടവരാട് ഭാഗത്ത് വാഹനം ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. ചേനായി ഭാഗത്ത് ഈ വാഹനം രൂപമാറ്റം വരുത്തി ഉപയോഗിക്കുന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു. പോലീസ് നിരീക്ഷണം മനസ്സിലാക്കിയവർ വാഹനം ചേനായിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മുനീർ, വിനീഷ്, സിഞ്ചുദാസ് എന്നിവരടങ്ങിയ പോലീസ് സംഘം പരിശോധനയ്ക്ക് നേതൃത്വം നൽകി.