പേരാമ്പ്ര: വാളൂര്‍ കുറുങ്കുടിമീത്തല്‍ അനുവിനെ (അംബിക- 26) തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത തുടരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ വെള്ളം അകത്തുചെന്നിട്ടുണ്ടെന്നാണ് ലഭിച്ച വിവരമെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത പോലീസ് സര്‍ജന്‍ സംഭവസ്ഥലം അടുത്തദിവസം പരിശോധിക്കും.
ചൊവ്വാഴ്ചയാണ് നൊച്ചാട് പി.എച്ച്.സി.ക്ക് സമീപം അള്ളിയോറതാഴ തോട്ടില്‍ മൃതദേഹം കണ്ടത്. തോട്ടില്‍ ഒരാള്‍ മുങ്ങിമരിക്കാനുള്ള വെള്ളമുണ്ടായിരുന്നില്ല. അനു ധരിക്കാറുള്ള ആഭരണങ്ങളെല്ലാം മൃതദേഹത്തില്‍ ഉണ്ടായിരുന്നില്ലെന്ന പരാതിയും ബന്ധുക്കള്‍ ഉന്നയിക്കുന്നുണ്ട്. കമ്മല്‍ മാത്രമാണ് ശരീരത്തില്‍നിന്ന് ലഭിച്ചത്. മാല, രണ്ട് മോതിരം, ബ്രേസ്ലെറ്റ്, പാദസരം എന്നിവ കാണുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. സംഭവദിവസം രാവിലെ ബൈക്കില്‍ അനു കയറിപ്പോകുന്നതായി കണ്ടെന്ന് സമീപവാസി പോലീസിനോട് പറഞ്ഞിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ വീട്ടില്‍നിന്ന് പോയതില്‍പ്പിന്നെയാണ് അനുവിനെ കാണാതായത്. പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടത്. അമ്മയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ അനു സ്വന്തം വീട്ടിലായിരുന്നു. ഭര്‍ത്താവ് ഇരിങ്ങണ്ണൂര്‍ സ്വദേശി പ്രജില്‍ രാജിനെ തിങ്കളാഴ്ച ആശുപത്രിയില്‍ കാണിക്കാനായാണ് അനു വീട്ടില്‍നിന്ന് പോയത്. മുളിയങ്ങലില്‍ കാത്തുനില്‍ക്കാനാണ് പറഞ്ഞിരുന്നതെങ്കിലും ഭര്‍ത്താവ് എത്തിയപ്പോള്‍ അനുവിനെ കണ്ടില്ല. പ്രജില്‍ ആശുപത്രിയില്‍ പോയി തിരിച്ചെത്തിയിട്ടും അനു വരാതിരുന്നതോടൊണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.
അള്ളിയോറതാഴ തോട്ടില്‍ ഒഴുകിപ്പോകുന്ന നിലയില്‍ ചൊവ്വാഴ്ച പകല്‍ 12-ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്തെത്തിയ പോലീസ് നായ വീട്ടിലേക്ക് മാത്രമാണ് ഓടിപ്പോയത്. അനുവിന്റെ മൊബൈല്‍ഫോണും പഴ്‌സും തോട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. ഒരു ചെരിപ്പും സമീപത്തുനിന്ന് ലഭിച്ചു.