പേരാമ്പ്ര: ഒട്ടേറെ ക്രിമിനൽക്കേസുകളിൽ പ്രതിയായ ചങ്ങരോത്ത് പഞ്ചായത്ത് ജാനകിവയൽ സ്വദേശിയെ കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കരുതെന്ന നിബന്ധനയോടെ പോലീസ് നാടുകടത്തി. കുന്നോത്ത് അരുൺ ബാലകൃഷ്ണനെതിരേയാണ് (29) നടപടി. കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി.യാണ് ഉത്തരവിട്ടത്. നടപടി വെള്ളിയാഴ്ച പ്രാബല്യത്തിൽവന്നു.
2017-ൽ പേരാമ്പ്രയിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചതിന് പേരാമ്പ്ര പോലീസ് എടുത്ത കേസിൽ അരുൺ പ്രതിയാണ്. 2020-ൽ കൊയിലാണ്ടിയിൽനിന്ന് ഒരാളെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് പണം അപഹരിച്ചുവെന്ന കേസും കൊയിലാണ്ടി പോലീസ് സ്റ്റേഷനിലുണ്ട്.
പാലേരിയിൽ മാരകായുധവുമായി വീട്ടിൽ അതിക്രമിച്ചുകയറി അക്രമം നടത്തിയതിനാണ് പേരാമ്പ്ര പോലീസ് സ്‌റ്റേഷനിൽ ഏറ്റവും ഒടുവിലുണ്ടായ കേസ്. സ്ഥിരം കുറ്റവാളിയെന്നനിലയിൽ പ്രതിക്കെതിരേ കാപ്പ നിയമപ്രകാരം നടപടിവേണമെന്നാവശ്യപ്പെട്ട് പെരുവണ്ണാമൂഴി പോലീസ് ഇൻസ്‌പെക്ടർ കെ. സുഷീർ കണ്ണൂർ റെയിഞ്ച് ഡി.ഐ.ജി.ക്ക് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് കാപ്പനിയമത്തിലെ സെക്ഷൻ 15 പ്രകാരം നടപടിയുണ്ടായത്.