പേരാമ്പ്ര: വിരണ്ടോടി അഴുക്കുചാലിൽ അകപ്പെട്ട പശുവിന് രണ്ടുനാളിനു ശേഷം മോചനം. ഞായറാഴ്‌ച പേരാമ്പ്ര കന്നുകാലിച്ചന്തയിൽ വിൽപ്പനക്കായി കൊണ്ടുവന്ന പശുവാണ് വിരണ്ടോടി ബസ് സ്റ്റാൻഡിലെ ഡ്രെയിനേജിനുള്ളിൽ കുടുങ്ങിയത്. ബാലുശേരി സ്വദേശി റഷീദിന്റെ പശുവിനെ വിൽപ്പനയ്‌ക്കായി ഞായറാഴ്‌ച ചന്തയിൽ എത്തിച്ചപ്പോഴാണ് വിരണ്ടോടിയത്. വലിയ അഴുക്കുചാലിന്റെ തുറന്നുകിടന്ന ഭാഗത്തുകൂടെ പശു അകപ്പെടുകയായിരുന്നു. പശുവിനെ ഏറെനേരം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. രണ്ടുദിവസത്തിനുശേഷം അഴുക്കുചാലിന്റെ സ്ലാബുകളുടെ വിടവിലൂടെ പശുവിനെ ആളുകൾ കാണുകയായിരുന്നു.
വിവരമറിയച്ചതിനെ തുടർന്ന് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽനിന്ന് സ്റ്റേഷൻ ഓഫീസർ സി പി ഗിരീശന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങൾ ചൊവ്വാഴ്‌ച കോൺക്രീറ്റ് സ്ലാബ് മുറിച്ചുമാറ്റി പശുവിനെ പുറത്തെത്തിച്ചു. സേനാംഗങ്ങളായ കെ ബൈജു, എം ഹരീഷ്, വി കെ സിധീഷ്, എൻ എം ലതീഷ്, എസ് കെ റിതിൻ, ആർ ജിനേഷ്, രഗിനേഷ്, ഐ ബിനീഷ് കുമാർ, കെ അജേഷ്, മുരളി, അജീഷ് എന്നിവർക്കൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ സഹായിച്ചു.