പേരാമ്പ്ര : വിദ്യാർഥിനിക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പെരുവണ്ണാമൂഴി പോലീസ് പോക്‌സോ കേസെടുത്ത അധ്യാപകന്റെ മുൻകൂർജാമ്യഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് എ. ബദറുദ്ദീനാണ് മുൻകൂർജാമ്യഹർജി തള്ളിയത്. ഏഴുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻപാകെ കീഴടങ്ങാനും അന്വേഷണത്തോട് സഹകരിക്കാനും കോടതി ഉത്തരവിൽ നിർദേശിച്ചു.
രണ്ടുമാസംമുമ്പാണ് അധ്യാപകനെതിരേ വിദ്യാർഥിനിയുടെ പരാതിയിൽ പോലീസ് കേസെടുത്തത്. അധ്യാപകനെ സ്കൂൾ മാനേജർ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. 2023 മേയിൽ എൻ.സി.സി. ക്യാമ്പിൽ വെച്ചും പിന്നീടും ലൈംഗികാതിക്രമം നടത്തിയെന്നാണ് വിദ്യാർഥിനിയുടെ പരാതി.